അവസാന ടെസ്റ്റിലും കിവികളെ അരിഞ്ഞുവീഴ്ത്തി
ഒാസീസ് 3-0ത്തിന് പരമ്പര സ്വന്തമാക്കി
സിഡ്‌നി : ന്യൂസിലാൻഡിനെതിരായ അവസാന ടെസ്റ്റിൽ 279 റൺസിന്റെ പടുകൂറ്റൻ വിജയം നേടിയ ആസ്ട്രേലിയ മൂന്ന് മത്സര പരമ്പര 3-0ത്തിന് തൂത്തുവാരി.
മൂന്നാം ടെസ്റ്റിന്റെ നാലാംദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 416 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കിവികളെ വെറും 136 റൺസിൽ ആൾ ഒൗട്ടാക്കിയാണ് ആസ്ട്രേലിയ വമ്പൻ വിജയം ആഘോഷിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 454 റൺസ് നേടിയിരുന്ന ആസ്ട്രേലിയയ്ക്കെതിരെ ന്യൂസിലൻഡ് 256 റൺസിന് ആൾ ഒൗട്ടായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഒാസീസ് 217/2 എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത ശേഷമാണ് കിവീസിനെ രണ്ടാം ഇന്നിംഗ്സിനിറക്കി ആൾ ഒൗട്ടാക്കിയത്.
നാലാം ദിവസമായ ഇന്നലെ വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഒാസീസിന് കരുത്തായത് ഒാപ്പണർ ഡേവിഡ് വാർണർ (111) പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ആദ്യ ഇന്നിംഗ്സിലെ ഇരട്ട സെഞ്ച്വറി വീരൻ ലബുഷാംഗെ (59) അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ജോബേൺസ് 40 റൺസെടുത്ത് പുറത്തായി.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസ് നിരയിൽ കോളിൻ ഡിഗ്രാൻഡ് ഹോമിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ നഥാൻ ലിയോണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ചേർന്നാണ് കിവീസിനെ അരിഞ്ഞിട്ടത്.
മാർനസ് ലബുഷാംഗെയാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.
ഫ്ളെമിംഗിനെ കടന്ന്
റോസ് ടെയ്‌ലർ
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലൻഡ് ബാറ്റ്സ്മാൻ എന്ന റെക്കാഡ് ഇനി റോസ് ടെയ്ലർക്ക് സ്വന്തം. ഒാസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് റൺസിന് പുറത്തായ ടെയ്‌ലർ 7172 റൺസ് നേടിയിരുന്നു. മുൻ നായകൻ സ്റ്റീഫൻ ഫ്ളെമിംഗിനെ മറികടന്ന് 7174 റൺസിലെത്തി. 99 ടെസ്റ്റുകളിൽനിന്ന് 19 സെഞ്ച്വറികളുടെയും 33 അർദ്ധ സെഞ്ച്വറികളുടെയും അകമ്പടിയോടെയാണ് ടെയ്‌ലറുടെ നേട്ടം.