02

പോത്തൻകോട്: മനംകുളിർപ്പിക്കുന്ന പ്രകൃതിഭംഗിയുള്ള വെള്ളാക്കൽ പാറമുകളിൽ വികസനം മാത്രം അകലെ.

പോത്തൻകോട്, മാണിക്കൽ, മുദാക്കൽ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലായാണ് പാറമുകൾ സ്ഥിതിചെയ്യുന്നത്. അസ്‌തമയക്കാഴ്ച കാണാൻ നിരവധിപ്പേരാണ് വെള്ളാണിക്കൽ പാറമുകൾ തേടിയെത്തുന്നത്. സർക്കാരുകൾ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും എല്ലാം കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്.

ടൂറിസം സാദ്ധ്യതകൾ

------------------------------------

ഒരിക്കലും വറ്റാത്ത നീരുറവകളും നിരവധി കൊത്തുപണികളും ശിലാ ലിഖിതങ്ങളും കൊത്തിയുണ്ടാക്കിയ ഗുഹാ മുഖവും പുലിച്ചാണിയും ചരിത്രശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയിരവല്ലി ക്ഷേത്രം ഉൾപ്പെടുന്ന പാറമുകൾ തീർത്ഥാടന പൈതൃക ടൂറിസം പദ്ധതിക്ക് അനുയോജ്യമാണ്.

ഇവിടെ എത്തിച്ചേരാൻ

---------------------------------------------------

പോത്തൻകോട് നിന്നും കോലിയക്കോട് വഴി 2 കിലോമീറ്ററും, വെഞ്ഞാറമൂട് നിന്നും പാറക്കൽ വഴി 5 കിലോ മീറ്ററും വേങ്ങോട് നിന്നും 3 കിലോമീറ്ററും, ആറ്റിങ്ങൽ മുദാക്കൽ വഴി 5 കിലോമീറ്ററും യാത്രചെയ്‌താൽ വെള്ളാണിക്കൽ പാറമുകളിലെത്താം.

പാറമുകളിൽ പ്രഖ്യാപിച്ചത്

-----------------------------------------------------

കുട്ടികൾക്കുള്ള ആധുനിക പാർക്ക്, പാറയിൽ കൊത്തിയുണ്ടാക്കുന്ന നടപ്പാതകൾ. അസ്തമയം കാണാൻ പാറയിൽ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങൾ, പാറമുകളിലെ വാഹന പാർക്കിംഗ് എരിയകൾ, റോപ്‌വേ, ഔഷധ ഉദ്യാനങ്ങൾ, ഫാമിലി റിസോർട്ടുകൾ, കൃത്രിമ വെള്ളച്ചാട്ടം, റോക്ക് ഗാർഡൻ

നിലവിലെ അവസ്ഥ
------------------------------------

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിന്റെ അവസ്ഥ ദയനീയമാണ്. കോലിയക്കോട് നിന്ന് വെള്ളാണിക്കലേക്കുള്ള പ്രധാന റോഡിൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. രാത്രിയായാൽ ഇവിടെ വെളിച്ചമില്ല. റോഡിലെ ആളൊഴിഞ്ഞ വളവുകൾ മദ്യപന്മാരുടെ കേന്ദ്രമാണ്. പൊലീസിന്റെ ശ്രദ്ധ പതിയാത്തതിനാൽ സാമൂഹ്യവിരുദ്ധശല്യവും വർദ്ധിക്കുകയാണ്.

പാറമുകളിന്റെ വിസ്‌തൃതി - 23 എക്കർ

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 650 അടി