കേപ്ടൗൺ : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 438 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ചെറുത്തുനിൽക്കുന്നു. നാലാംദിവസം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 391/8 എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത ശേഷമാണ് സന്ദർശകർ ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സിന് ഇറക്കിയത്. നാലാം ദിനം കളി നിറുത്തുമ്പോൾ 126/2 എന്ന നിലയിലാണ് ആതിഥേയർ.
ഇന്നലെ 218/4 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ഇറങ്ങിയ ഇംഗ്ളണ്ടിന് ഒാപ്പണർ ഡോം സിബിലിയുടെ സെഞ്ച്വറിയും (133) ബെൻസ്റ്റോക്സിന്റെയും (72), ക്യാപ്ടൻ ജോറൂട്ടിന്റെയും (61) അർദ്ധ സെഞ്ച്വറികളും കൂറ്റൻ സ്കോറിലേക്ക് വഴിതുറന്നു. സിബിലിയും സ്റ്റോക്സും ചേർന്ന് രാവിലെ അഞ്ചാംവിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്തു. സ്റ്റോക്സും ഒലി പോപ്പ്സും പുറത്തായ ശേഷം ബട്ട് ലർ (23), സാം കറാൻ (13),. ബ്രോഡ് (8 നോട്ടൗട്ട്) എന്നിവരെ കൂട്ടുനിറുത്തിയാണ് സിബിലി 133 റൺസിലെത്തിയത്. 311 പന്തുകൾ നേരിട്ട സിബിലി 19 ബൗണ്ടറികളും ഒരു സിക്സും പായിച്ചു. 24 കാരനായ സിബിലിയുടെ കരിയറിലെ ആദ്യ സെഞ്ച്വറിയാണ് കേപ് ടൗണിൽ നേടിയത്.