.എവർട്ടനെ 1-0ത്തിന് കീഴടക്കി
. വിജയമൊരുക്കിയത് കൗമാരതാരം
കുർട്ടിസ് ജോൺസിന്റെ ഗോൾ
ലണ്ടൻ : ഇംഗ്ളീഷ് എഫ്.എ കപ്പ് ഫുട്ബാളിന്റെ മൂന്നാം റൗണ്ടിൽ എവർട്ടണെതിരെ ലിവർപൂളിന് മിന്നുന്ന വിജയം സമ്മാനിച്ച് കൗമാര താരം കുർട്ടിസ് ജോൺസിന്റെ ഗോൾ. സ്വന്തം തട്ടകമായ അൻഫീൽഡിൽ നടന്ന മത്സരത്തിന്റെ 71-ാം മിനിട്ടിൽ കുർട്ടിസ് തൊടുത്ത മഴവിൽ ഷോട്ടിൽ നിന്ന് പിറന്ന ഗോളായിരുന്നു മത്സരത്തിന്റെ സവിശേഷത.
പ്രിമിയർ ലീഗിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ എഫ്.എ കപ്പിൽ താരതമ്യേന യുവ നിരയെയാണ് വിന്യസിച്ചത്. എന്നാൽ പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ പരിചയസമ്പന്നരായ താരങ്ങളെക്കൂട്ടി ഇറങ്ങിയ എവർട്ടന് അത് മുതലെടുക്കാനായില്ല. ആദ്യപകുതിയിൽ ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല.
വിസ്മയ ഗോൾ
ഇംഗ്ളീഷ് ക്ളബ് ഫുട്ബാളിലെ ഇൗ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് കുർട്ടിസ് നേടിയത്. 71-ാം മിനിട്ടിൽ ഡിക്ക് ഒറിജിയിൽ നിന്ന് ലഭിച്ച പന്ത് ഇടതുവിംഗിൽ ബോക്സിന് പുറത്തുനിന്ന് ഉയർത്തി വളച്ചടിച്ച് കുർട്ടിസ് വലയുടെ വലതു മൂലയിലേക്ക് മഴവില്ലുപോലെ നിക്ഷേപിക്കുകയായിരുന്നു. 17 കാരനായ കുർട്ടിസിന്റെ സീനിയർ തലത്തിലെ ആദ്യഗോളായിരുന്നു ഇത്.
എഫ്.എ കപ്പിൽ നടന്ന മറ്റ് മത്സരങ്ങളിൽ ചെൽസി 2-1ന് ഹോട്ടിംഗ് ഹാം ഫോറസ്റ്റിനെയും ക്വീൻസ് പാർക്ക് റേഞ്ചേഴ്സ് 5-1ന് സ്വാൻസീ സിറ്റിയെയും തോൽപ്പിച്ചു.
ഹഡ്സൺ ഒഡേയിയും ബാർക്ക് ലിയുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്.
മറ്റൊരു മത്സരത്തിൽ മിഡിൽസ് ബറോ 1-1ന് ടോട്ടൻഹാമിനെ സമനിലയിൽ തളച്ചു. 50-ാം മിനിട്ടിൽ ഫ്ളെച്ചറിലൂടെ മിഡിൽസ് ബറോയാണ് ആദ്യം സ്കോർ ചെയ്തത്. 61-ാം മിനിട്ടിൽ ലൂക്കാസ് മൗറയാണ് ടോട്ടൻ ഹാമിനായി സമനില ഗോൾ നേടിയത്.
യുവന്റസിന് ജയം
ടുറിൻ : ഇറ്റാലിയൻ സെരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ 2-0ത്തിന് കാഗ്ളിയറിയെ കീഴടക്കി യുവന്റസ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം വീണ്ടെടുത്തു. 49,67 മിനിട്ടുകളിലായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്റിന്റെ രണ്ട് ഗോളുകളും നേടിയത്.