കാരക്കോണം: കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം കാമുകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്ന് രാവിലെ 9.30ഓടെയാണ് വെള്ളറട പൊലീസ് അറിയുന്നത്. സി.എസ്.എെ മെഡിക്കൽ കോളേജിന്റെ തൊട്ടടുത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവ സ്ഥലത്തെത്താൻ അരമണിക്കൂർ എടുക്കുമെന്നതിനാൽ എസ്.ഐ സതീഷ് ശേഖർ ഉടനേ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിളിക്കുകയും സംഭവസ്ഥലത്ത് ആംബുലൻസ് അയയ്‌ക്കണമെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റാനും നിർദ്ദേശം നൽകി. ആശുപത്രി കെട്ടിടത്തിന്റെ പിൻവശത്തെ ഗേറ്റിനടുത്താണ് സംഭവം നടന്ന അപ്പുവിലാസം വീട്. പൊലീസിന്റെ നിർദ്ദേശമനുസരിച്ച് ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും ഓടിക്കൂടിയ നാട്ടുകാർ അനുവിനെയും അഷികയെയും ആംബുലൻസിലേക്ക് മാറ്റാൻ അനുവദിച്ചില്ല. ചുറ്റും കൂടി നിന്നവരിൽ ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. അഷിക മരിച്ചെന്നും അനു അവിടെ കിടന്ന് മരിക്കട്ടെ എന്നുമാണ് ചിലർ വിളിച്ചു പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ആംബുലൻസ് മടങ്ങിപ്പോയി. എസ്.ഐ സതീഷ് ശങ്കറിന്റെ നേതൃത്വത്തിൽ പൊലീസ് അവിടെ പാഞ്ഞെത്തുമ്പോഴേക്കും 20 മിനിട്ട് കഴിഞ്ഞിരുന്നു. മൊബൈൽ പിടിച്ചുനിന്നവരോട് ഉച്ചത്തിൽ ആക്രോശിക്കുകയായിരുന്നു പൊലീസ്. എല്ലാവരെയും മാറ്റിയ ശേഷം അഷികയെ ആംബുലൻസിലേക്ക് മാറ്റുമ്പോൾ നേർത്ത തുടിപ്പുമാത്രമാണ് ശേഷിച്ചത്. അനുവിന് അപ്പോഴും ജീവനുണ്ടായിരുന്നു. കഴുത്തിലെ ഞരമ്പുകൾ അറ്റുപോയതു കാരണം കൊലപാതക കാരണം പറയാൻ കഴിഞ്ഞില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നതിന് തൊട്ടുമുമ്പാണ് അനു മരിച്ചത്. സംഭവം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് എസ്.ഐ സതീഷ് ശേഖർ പറഞ്ഞു.