ബ്ളാസ്റ്റേഴ്സിന് ആത്മവിശ്വാസം പകർന്ന്
ഹൈദരാബാദിനെതിരായ വിജയം
കടം വീട്ടാനും കപ്പടിക്കാനുമുള്ള കേരള ബ്ളാസ്റ്റേഴ്സിന്റെ ഇൗ സീസണിലെയും പടയോട്ടം പാതിവഴിയിൽ മൂക്കുകുത്തി വീണതിന്റെ സങ്കടത്തിലായിരുന്ന ആരാധകർക്ക് ആശ്വാസമായി. കഴിഞ്ഞരാത്രി കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ നേടിയ വിജയം. ഇൗ സീസണിലെ 11 മത്സരങ്ങളിൽ രണ്ടാമത്തെ മാത്രം വിജയം കൊണ്ട് ബ്ളാസ്റ്റേഴ്സിന് കിരീടം നേടാനോ എന്തിന് പ്ളേ ഒാഫിലേക്ക് എത്താനോ സാദ്ധ്യത കുറവാണ്. പക്ഷേ ഇൗ വിജയം ടീമിന് ഏറെ പ്രധാനപ്പെട്ടതാണ്. കാരണം തുടർ തോൽവികളും സമനിലകളുംകൊണ്ട് പടുകുഴിയിലേക്ക് വീണിരുന്ന ആത്മവിശ്വാസത്തെ തിരികെയെത്തിക്കാൻ സഹായകമാണ് ഇൗ വിജയം.
കഴിഞ്ഞ സീസണിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെ ഉൗർജ്ജസ്വലരാക്കിയ പരിശീലകൻ എൽകോ ഷറ്റോറി ഇക്കുറി ബ്ളാസ്റ്റേഴ്സിൽ എത്തിയപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആദ്യ മത്സരത്തിൽ എ.ടി.കെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതോടെ അത് വാനോളം ഉയർന്നു. എന്നാൽ പിന്നീടങ്ങോട്ട് കഴിഞ്ഞ സീസണിന്റെ ആവർത്തനമായിരുന്നു സമനിലകളും തോൽവിയും.
ഇൗ സീസണിൽ കളിച്ച 11 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലാണ് ബ്ളാസ്റ്റേഴ്സ് സമനില വഴങ്ങിയത്. നാലെണ്ണത്തിൽ തോറ്റു ഇനി ഏഴ് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇതിൽ എല്ലാം ജയിച്ചാൽ മാത്രമേ പ്ളേഒഫ് പ്രതീക്ഷകൾ പൂവണിയുകയുള്ളു. എന്നാൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള എല്ലാ ടീമുകൾക്കും ഏഴും എട്ടും മത്സരങ്ങൾ അവശേഷിക്കുന്നതിനാൽ കൂടുതൽ മനക്കോട്ട കെട്ടേണ്ടതുമില്ല.
എന്നാൽ ഹൈദരാബാദിനെതിരെ നേടിയ വൻ വിജയം കടങ്ങൾ വീട്ടാൻ ബ്ളാസ്റ്റേഴ്സ് തുടങ്ങിയതിന്റെ ലക്ഷണമായി കാണാം. ഇൗ ആവേശം നിലനിറുത്തി മുന്നോട്ടുപോയാൽ അടുത്ത സീസണിലേക്ക് കുറച്ചെങ്കിലും ആരാധകർ ഒപ്പമുണ്ടാകും.
ഇൗ സീസണിലെ പുതിയ ക്ളബായ ഹൈദരാബാദ് എഫ്.സി 11 മത്സരങ്ങളിൽ നേടിയിരുന്ന ഏക വിജയം കേരള ബ്ളാസ്റ്റേഴ്സിനെതിരായ ഹോം മാച്ചിലായിരുന്നു. കൊച്ചിയിൽ ഇന്നലെ പോരിനിറങ്ങും മുമ്പ് ബ്ളാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തും ഹൈദരാബാദ് പത്താംസ്ഥാനത്തുമായിരുന്നു. ഹൈദരാബാദ് ഇപ്പോഴും പത്താമതുള്ളപ്പോൾ ബ്ളാസ്റ്റേഴ്സ് ഏഴാമതേക്ക് ഉയർന്നു.
പോയിന്റ് പട്ടിക
എ.ടി.കെ. 11-21
ഗോവ 11-21
ബംഗളുരു 11-19
മുംബയ് 11-16
ജംഷഡ്പൂർ 10-13
ഒഡിഷ 10-12
ബ്ളാസ്റ്റേഴ്സ് 11-11
നോർത്ത് ഇൗസ്റ്റ് 11-11
ചെന്നൈയിൻ 9-9
ഹൈദരാബാദ് 11-5
. ആദ്യമത്സരത്തിൽ ബ്ളാസ്റ്റേഴ്സിനോട് തോറ്റ എ.ടി.കെ ഇപ്പോൾ ആറ് വിജയങ്ങളുമായി ഒന്നാം സ്ഥാനത്ത്.
ബ്ളാസ്റ്റേഴ്സ് ഇൗ സീസണിൽ
വിജയങ്ങൾ
2-1 Vs എ.ടി.കെ
5-1 Vs ഹൈദരാബാദ്
സമനിലകൾ
0-0 Vs ഒഡിഷ
2-2 Vs ഗോവ
1-1 Vs മുംബയ് സിറ്റി
2-2 Vs ജംഷഡ്പൂർ
1-1 Vs നോർത്ത് ഇൗസ്റ്റ്
തോൽവികൾ
0-1 Vs മുംബയ് സിറ്റി
1-2 Vs ഹൈദരാബാദ്
0-1 Vs ബംഗളുരു
1-3 Vs ചെന്നൈയിൻ
ജനുവരി 12
ന് എ.ടി.കെയ്ക്ക് എതിരെ കൊൽക്കത്തയിലാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.