കാരക്കോണം: അനുവിന്റെയും അഷികയുടെയും മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇരുവരുടെയും വീട്ടുകാർ. രണ്ട് സംസ്ഥാനത്താണെങ്കിലും അനുവിന്റെയും അഷികയുടെയും വീടുകൾ തമ്മിൽ ഒന്നര കിലോമീറ്ററിന്റെ അകലം മാത്രമേയുള്ളൂ. തുറ്റിയോട് അപ്പുവിലാസം വീട്ടിൽ അഷികയുടെ അമ്മ സീമ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാതെ തളർന്ന് ചാരിയിരിക്കുമ്പോൾ തമിഴ്നാടിന്റെ അതിർത്തിക്കപ്പുറത്ത് രാമവർമ്മൻചിറയിലെ വീട്ടിൽ കരഞ്ഞ് തളർന്ന് കിടക്കുകയാണ് അനുവിന്റെ അമ്മ രമണി. രണ്ടു പേർക്കും നഷ്ടപ്പെട്ടത് അവരുടെ പൊന്നോമന മക്കളാണ്. ഇരുവീട്ടുകാർക്കും ഇവരുടെ അടുപ്പത്തെ കുറിച്ചറിയാമായിരുന്നു. അഷികയുടെ വീട്ടുകാർക്ക് ഉണ്ടായിരുന്നതുപോലത്തെ എതിർപ്പ് അനുവിന്റെ വീട്ടുകാർക്കില്ലായിരുന്നു. പുറത്ത് പറഞ്ഞു കേൾക്കുന്നതു പോലെ അനു ഒരു മയക്കു മരുന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് അനുവിന്റെ അമ്മ രമണിയും അയൽവാസികളും പറയുന്നത്. എന്നാൽ മകൻ കടുത്ത നിരാശയിലും വേദനയിലുമായിരുന്നെന്ന് രമണി പറഞ്ഞു. ജീവൻ അവസാനിപ്പിക്കാൻ പോകുന്നുവെന്ന് അവൻ പലവട്ടം പറഞ്ഞിരുന്നതായി രമണി പറഞ്ഞു.
രണ്ട് നാൾ മുമ്പ് 'ഞാൻ മരിക്കും മരിക്കും' എന്നു പറഞ്ഞ് അനു കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുദിവസമായി വീടിനു പുറത്തേക്കു പോകാറേയില്ല. അമ്മ കാര്യം ചോദിച്ചപ്പോൾ കരച്ചിലായിരുന്നു മറുപടി. തുടർന്ന് അമ്മയോട് പറഞ്ഞത് -' എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു. അവളുടെ അച്ഛൻ എന്നിൽ നിന്നും മാറാൻ പറഞ്ഞു. ഞാൻ പിന്നെ എന്തിന് ജീവിക്കണം? - ഈ 14-ാം തീയതി ആകുമ്പോൾ നാലു വർഷമാകും പ്രണയിച്ചിട്ട്. മൊബൈൽ നിറച്ചു അവളുമായിട്ടുള്ള ഫോട്ടോകളാണ്. ചേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് അവൾ കൈയിലടിച്ച് സത്യം ചെയ്തതാണ്- എന്നാണ്.
കടുംകൈ ഒന്നും ചെയ്യരുതെന്ന് മകനോട് പറഞ്ഞിരുന്നുവെന്ന് രമണി പറയുന്നു .കഴിഞ്ഞ ദിവസം അവൾ ഫോണിൽ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്നു പറഞ്ഞപ്പോഴാണ് അവന് സങ്കടം സഹിക്കാൻ കഴിയാതായത്.
'അവളെ വേറെ അയയ്ക്കുമെങ്കിൽ ഞാൻ മരിക്കും.'എന്നവൻ പറഞ്ഞതായും രമണി പറഞ്ഞു.
പട്ടികജാതി വിഭാഗത്തിലാണെങ്കിലും ചേരമർ ജാതിയിൽ പെട്ട പെൺകുട്ടിയാണ് അഷിക. അനു സാമ്പവർ സമുദായ അംഗമാണ്.