തിരുവന്തപുരം : നഗരസഭ സംഘടിപ്പിക്കുന്ന ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന്റെ സംഘാടകസമിതി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പരിപാടി വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് - ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചത്. പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെട്ടവരെ ലൈഫ് പദ്ധതിയെന്ന് തെറ്റിധരിപ്പിച്ച് വിളിച്ചു വരുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ബി.ജെ.പി നേതാവ് തിരുമല അനിൽ പറഞ്ഞു. പഴയ ചില ഭവന പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് അവസാന ഗഡു നൽകിയശേഷം ലൈഫ് ഭവന പദ്ധതി എന്ന പേരിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നെതെന്ന് യു.ഡി.എഫ് നേതാവ് ഡി.അനിൽകുമാറും ആരോപിച്ചു.
വീടും വസ്തുവും ഇല്ലാത്തവർക്ക് സ്ഥലം വാങ്ങി ഫ്ളാറ്റ് സമുച്ചയും നിർമ്മിച്ച് കൊടുക്കുന്ന പദ്ധതിയാണ് ഇടതു സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി. ഈ പദ്ധതി പ്രകാരം ഫ്ലാറ്റ് നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ ബഡ്ജറ്റിൽ പണം വകയിരുത്തിയതല്ലാതെ നഗരത്തിൽ സ്ഥലം ഏറ്റെടുക്കാനോ ഫ്ലാറ്റ് നിർമ്മിക്കാനോ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ കുടുംബസംഗമം സംഘടിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇന്നലെ ഉച്ചയ്ക്ക് നഗരസഭയിൽ ചേർന്ന യോഗത്തിൽ ഭരണപക്ഷത്തു നിന്നു കുറച്ച് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചെങ്കിലും സംഘാടക സമിതിക്ക് യോഗം രൂപം നൽകി. 19ന് കുടുംബസംഗമം സംഘടിപ്പിക്കാനാണ് തീരുമാനം.