കോവളം: കട്ടച്ചൽകുഴി തിരണിവിളയിൽ ഓമനയെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. നവംബർ 27നാണ് ഓമനയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് പരാതി. മരിക്കുന്നതിന് കുറച്ചുദിവസം മുമ്പ് ഉച്ചക്കടയിലെയും വെങ്ങാനൂരിലെയും ബാങ്കുകളിലെത്തി ഓമന പണം പിൻവലിച്ചിരുന്നു. എന്നാൽ ഈ പണം ആർക്ക് നൽകിയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവ ദിവസം വീടിന്റെ മുൻവശത്തെ വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദൂരൂഹതയുണ്ടെന്നും ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻകൗൺസിൽ രൂപീകരിക്കുമെന്നും കട്ടച്ചൽകുഴി ശാഖാ അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റി ചെയർമാൻ മംഗലത്തുകോണം തുളസി പറഞ്ഞു.