ലണ്ടൻ : മകളെ നോക്കാൻ നല്ലൊരു ആയയെ വേണം. അവൾ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നു നോക്കുന്നതിനൊപ്പം മറ്റുകാര്യങ്ങളും ശ്രദ്ധിക്കണം. ഒന്നോ രണ്ടോ വയസായ കുഞ്ഞിനുവേണ്ടിയായിരിക്കും ആയയെ തപ്പുന്നത് എന്നു കരുതിയാൽ തെറ്റി. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പതിനെട്ടുകാരിയെ നോക്കുന്നതിനാണ് ആയയെ വേണ്ടത്. പെൺകുട്ടിയുടെ അമ്മയാണ് പരസ്യം നൽകിയത്. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ അമ്മയെ കളിയാക്കി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പാചകം, തുണിയലക്കൽ, വീടുവൃത്തിയാക്കൽ എന്നിവ വെടിപ്പായി ചെയ്യാൻ കഴിയുന്നയാളെ നിയമിക്കും. മോശമല്ലാത്ത ശമ്പളം കിട്ടും. താമസവും ഭക്ഷണവുമൊക്കെ ഫ്രീ, മകൾക്കും ആയയ്ക്കും താമസിക്കാൻ രണ്ടു മുറിയുള്ള ഒരു അടിപൊളി ഫ്ളാറ്റും ഏർപ്പാടാക്കിയിട്ടുണ്ട്.
മകൾ നന്നായി പഠിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് പേരു വെളിപ്പെടുത്താത്ത രക്ഷിതാവ് പറയുന്നത്. പ്രയാസമേറിയ വിഷയമാണ് മകൾ പഠിക്കുന്നത്. കോളേജിൽ നിന്ന് വീട്ടിലെത്തിയാലും പഠനത്തിൽ തന്നെയാവണം ശ്രദ്ധ. അപ്പോൾ മറ്റുള്ള ജോലികൾ ചെയ്യുന്നതിന് സമയം കിട്ടാതെവരും. അപ്പോൾ മകളെ സഹായിക്കണം. ഇതാണ് രക്ഷിതാവിന്റെ ആവശ്യം.
പരസ്യം വൈറലായതോടെ ട്രോളുകളുടെ പെരുമഴക്കാലമായി. ഒരു നിയന്ത്രണവുമില്ലാതെ ട്രോളുകൾ പ്രവഹിച്ചതോടെ പരസ്യം പിൻവലിച്ചാലോ എന്ന ആലോചനയിലാണ് ഏജൻസി. പരസ്യം കണ്ട് നിരവധി പേരാണ് വീട്ടുകാരെ വിളിച്ചത്. ഇതിൽ ആരെയെങ്കിലും നിയമിച്ചോ എന്ന് വ്യക്തമല്ല.