വെള്ളറട: ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ ജീവിക്കും. അഷികയെ കൊല്ലാൻ പുറപ്പെടുംമുമ്പും അനുവിന്റെ മനസ് മന്ത്രിച്ചത് ഇങ്ങനെയിരുന്നു. അവളില്ലാതെ ജീവിക്കാനാവില്ലെന്ന് കണ്ടപ്പോൾ അവസാനത്തെ തീരുമാനത്തിലേക്ക് അനു കടക്കുകയായിരുന്നു. ഇടുപ്പിൽ കരുതിയ കത്തിയുമായി അഷികയുടെ വീട്ടിലെത്തിയപ്പോഴും പ്രണയത്തിന്റെ തീവ്രത അവൻെറ മുഖത്ത് നിറഞ്ഞു തുള്ളിയിരുന്നു. അപ്പുപ്പനെ തള്ളിമാറ്റി അവളുടെ മുറിക്കുള്ളിൽ കയറി വാതിലടച്ചു.
എന്നോടൊപ്പം വരണമെന്ന് അവൻ അവളോട് അവസാനമായി ചോദിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അവളതിന് തയ്യാറാകാതായപ്പോൾ അവനിലെ മൃഗം പുറത്തുചാടി. അവൾ മരിച്ചെന്ന് ഉറപ്പായപ്പോൾ സ്വന്തം കഴുത്തറുത്ത് അവനും ചത്തു. കാരക്കോണത്ത് അഷികയെ കൊലപ്പെടുത്താൻ അനു എത്തിയത് കരുതിക്കൂട്ടിയാണ്. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന് സമീപം തൂറ്റിയോട് അപ്പുവിലാസത്തിൽ അജിത് കുമാറിന്റെയും സീമയുടെയും മകൾ അഷിക ( അമ്മു-19) ഇന്നലെ ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കാൻ പോയിട്ടില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഒന്നര കിലോമീറ്റർ അകലെയുള്ള വിളവംകോട് രാമവർമ്മൻചിറ ചെറുകുഴന്തൽകാൽ വീട്ടിൽ മണി- രമണി ദമ്പതികളുടെ മകൻ അനു(24) അവളുടെ പ്രാണൻ കവരാനെത്തിയത്.
ഏറെനാളായി അഷികയുമായി പ്രണയത്തിലായിരുന്നു അനു. ഏതാനും മാസം മുമ്പ് ഇരുവരും തമ്മിൽ തെറ്റുകയും വെള്ളറട പൊലീസ് ഇടപെട്ട് രണ്ടുപേരെയും പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ച് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷവും അനു പ്രണയാഭ്യർത്ഥനയുമായി അഷികയ്ക്ക് പിന്നാലെ കൂടി. അനു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കാറുണ്ടെന്നും മറ്റും അഷികയുടെ വീട്ടുകാരോട് ആരോ പറഞ്ഞതിനെതുടർന്നാണ് അഷികയ്ക്ക് അനുവിനോട് അനിഷ്ടം തുടങ്ങിയത്. ഇത് അനുവിനെ നിരാശനാക്കി. തന്നോടൊപ്പം ജീവിക്കാമെന്ന് ഉറപ്പ് നൽകിയിരുന്ന പെൺകുട്ടി കൈവിട്ടതോടെ മാനസികമായി തകർന്ന അനു കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത നിരാശയിലായിരുന്നുവെന്ന് അനുവിന്റെ മാതാവ് രമണി പറയുന്നു.
അഷികയെ തനിക്ക് കൈവിട്ടുപോകുമെന്ന തോന്നലാകാം അവളെ കൊലപ്പെടുത്തി ആത്മഹത്യചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. അഷികയുടെ മാതാപിതാക്കൾ ജോലിക്ക് പോയശേഷം അവൾ വീട്ടിലുണ്ടെന്ന് ഉറപ്പിച്ചാണ് അനു ശരീരത്തിലൊളിപ്പിച്ച കത്തിയുമായി വീട്ടിൽ നിന്നിറങ്ങിയത്. അപ്പൂപ്പനെ തള്ളിമാറ്റി അഷികയുടെ വീട്ടിലേക്ക് പാഞ്ഞുകയറിയ അനു അഷികയെ മുറിയ്ക്കുള്ളിലാക്കി കതകടച്ചശേഷം കഴുത്തറുക്കുകയായിരുന്നു. അഷിക നിലവിളിച്ചെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ആർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല. അഷികയുടെ അപ്പൂപ്പനും അമ്മൂമ്മയും നിലവിളിക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാർ കതക് ചവിട്ടി തുറന്നപ്പോഴേക്കും അഷികയെ ചലനമറ്ര നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യാശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അനു. വിവരമറിഞ്ഞെത്തിയ വെള്ളറട പൊലീസ് അനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഫോറൻസിക് വിദഗ്ദരെത്താൻ വൈകിയതിനാൽ ഇന്നലെ വൈകുന്നേരമാണ് വീട്ടിനുളളിലെ തെളിവെടുപ്പ് പൂർത്തിയായത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. പ്രണയത്തെയും കൊലപാതകത്തെയും പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽഫോൺ വിശദാംശങ്ങൾ പൊലീസ് ഇന്ന് ശേഖരിക്കും. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, സി.ഐ ബിജു, എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.