കൊച്ചി: മുത്തൂറ്റ് എം.ഡിയുടെ വാഹനത്തിന് നേരെ കല്ലേറ്. ഇന്ന് രാവിലെയായിരുന്നു സംഭവം. കല്ലേറിൽ എം.ഡി ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മുത്തൂറ്റ് എം.ഡി ജോർജ് അലക്സാണ്ടർ അറിയിച്ചിരുന്നു. അതിനെ തുടർന്നാണ് ഈ അക്രമം എന്ന് കരുതുന്നു.
അതേസമയം, മുത്തൂറ്റ് എം.ഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് സി.ഐ.ടി.യു വ്യക്തമാക്കി. പിന്നിൽ സി.ഐ.ടി.യു പ്രവർത്തകരെന്ന് വരുത്തിതീർക്കാൻ ശ്രമമെന്നും സംഘടന ആരോപിച്ചു. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നത് മാനേജ്‌മെന്റ് ആണെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറെ ആക്രമിച്ചത് തൊഴിലാളികളാണെന്നു കരുതുന്നില്ലെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
166 ജീവനക്കാരെയാണ് ഒറ്റയടിക്ക് കമ്പനി പിരിച്ചുവിട്ടത്. ഇവരിൽ യൂണിയൻ സെക്രട്ടറി ഉൾപ്പടെയുള്ളവരുണ്ട്. തുടർന്ന് ബുധനാഴ്ച മുതൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ സമരം നടത്തിവരുകയായിരുന്നു. 'കേരളത്തിൽ ഇപ്പോൾ തന്നെ 800 ജീവനക്കാർ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകൾ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്'. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞിരുന്നു.
എന്നാൽ മുത്തൂറ്റിന്റെ എറണാകുളത്തെ ഹെഡ് ഓഫീസിൽ ജോലിക്ക് കയറാൻ ശ്രമിച്ച മാനേജ്‌മെന്റ് വിഭാഗത്തിൽപെട്ട ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാർ തടഞ്ഞു. മുത്തൂറ്റിന്റെ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള വേതനം ജീവനക്കാർക്ക് ലഭിക്കാത്തതിനെ തുടർന്നായിരുന്നു സിഐടിയു ആഗസ്റ്റ് 20 മുതൽ സമരം നടത്തിയത്. എന്നാൽ ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽവച്ച് ചർച്ച നടത്തുകയും ശമ്പള വർദ്ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഒക്ടോബർ പത്തിന് സമരം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ശനിയാഴ്ച ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകി. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.