പാറശാല: സർക്കാർ ഓഫീസ് തന്നെ ഒരു കടമ്പയാണ്. ആ കടമ്പയിലെത്താൻ അതിലേറെ പ്രയാസമാണെന്നാണ് പാറശാലക്കാർ പറയുന്നത്. കാരണം പ്രധാന സർക്കാർ ഓഫീസുകളിലേയ്ക്ക് പോകുന്ന തിരക്കേറിയ സ്റ്റേഷൻ റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ്. അതൊന്നു ശരിയാക്കാൻ ആരുമില്ല. തകർന്ന റോഡിന്റെ ഒരുവശം മുഴുവൻ പാറശാല സ്റ്റേഷനിലെ തൊണ്ടി സാധനങ്ങളായ പഴയ വാഹനങ്ങൾ കൈയടക്കിക്കഴിഞ്ഞു.
യഥേഷ്ടം രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന റോഡ് പകുതിയായി ചുരുങ്ങി. ഇതോടെ റോഡിലെ കാൽനടക്കാരെ കാത്ത് ഷുദ്രജീവികൾ ഇരിക്കുന്ന അവസ്ഥയാണ്.അത്രത്തോളം ദുരിതമാണ് ഇതുവഴിയുള്ള യാത്ര. റോഡ് നവീകരിക്കണമെന്ന് കാട്ടി പരാതികൾ പലവുരു നൽകിയിട്ടും നടപടി മാത്രമില്ല. സർക്കാർ വക റോഡ് ഇങ്ങനെയൊക്കെ കിടന്നാൽ പോരെ എന്നതാണ് മറ്റ് ചിലരുടെ പക്ഷം.