വർക്കല: തിരുവനന്തപുരം ജില്ലയിൽ തൊഴിലാളിവർഗപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചവർ കൂടുതലുളളത് ചിറയിൻകീഴ് താലൂക്കിലാണെന്നും അവരിലൊരാളാണ് വെട്ടൂർസദാശിവനെന്നും സിപിഎം നേതാവും മുൻ സ്പീക്കറുമായ എം.വിജയകുമാർ പറഞ്ഞു. പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ഒരു തലമുറ അനുഭവിച്ച യാതനയുടെ ചരിത്രവും അതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചവരുടെ ജീവിതവും രേഖപ്പെടുത്തി വച്ചു എന്നത് വെട്ടൂർസദാശിവന്റെ വലിയസംഭാവനയാണെന്നും കഴിഞ്ഞകാല ചരിത്രം ഉൾകൊണ്ടുവേണം പുതിയ തലമുറ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏറ്റവും നല്ല ജനപ്രതിനിധിക്കുളള വെട്ടൂർസദാശിവൻ സ്മാരക അവാർഡ് ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപിന് നൽകികൊണ്ട് സംസാരിക്കുകയായിരുന്നു എം.വിജയകുമാർ. 15555രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. വർക്കല ക്ലബ്ബ്ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തുടർച്ചയായി രണ്ട് വർഷം സംഗീതനാടക അക്കാഡമി അവാർഡ് നേടിയ വത്സൻനിസരിയെ അനുമോദിച്ചു. നാടകപ്രവർത്തകനായ റാത്തിക്കൽ കെ.എൻ.സൈനുദ്ദീന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ 15551രൂപയുടെ കാഷ് അവാർഡും ഫലകവും വത്സൻനിസരിക്കുവേണ്ടി മകൾ നന്ദിതാവത്സൻ ഏറ്റുവാങ്ങി. അടിസ്ഥാന വർഗ്ഗങ്ങളുടെ ഉന്നമനത്തിനായി ജീവിതാവസാനം വരെ പ്രവർത്തിച്ച മുത്താനതാഹയ്ക്കുളള മരണാനന്തരബഹുമതി മകനും ചന്ദ്രിക ദിനപത്രത്തിൽ സീനിയർഎഡിറ്ററുമായ ഫിർദൗസ് കായൽപുറം ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെയും സജീവപ്രവർത്തകനായിരുന്ന ചെമ്പൻകുന്ന് ശങ്കരന്റെ ഓർമ്മയ്ക്ക് ഏർപ്പെടുത്തിയ അവാർഡാണ് മരണാനന്തര ബഹുമതിയായി നൽകിയത്. വെട്ടൂരിലെ മികച്ച ചിത്രകാരൻ എം.രാജീവിനെ (രജികല) ശില്പവും കാഷ്അവാർഡും നൽകി ആദരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും കയർതൊഴിലാളി മേഖലയിലും മുന്നണിപോരാളികളായിരുന്ന ടി.ജി.കൊച്ചുനാരായണൻ ഉൾപ്പെടെ ഇരുപത്തഞ്ചോളം പേരെ ആദരിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ. എസ്.ഷാജഹാൻ, സി.പി.എം വർക്കല ഏരിയാസെക്രട്ടറി എസ്.രാജീവ്, അഡ്വ. എസ്.സുന്ദരേശൻ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, എ.വി.ബാഹുലേയൻ, സി.പി.എം വെട്ടൂർ ലോക്കൽകമ്മിറ്രി സെക്രട്ടറി എസ്.സുധാകരൻ, എമിലിസദാശിവൻ എന്നിവർ സംസാരിച്ചു. കെ.എം.ലാജി സ്വാഗതവും ആമുഖപ്രസംഗവും നടത്തി. കെ.എസ്.മാവോ നന്ദി പറഞ്ഞു.