കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ 12ശിവാലയ ക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശ്ശി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവന്റെ വിഗ്രഹം കോടതി ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറി. കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് തിക്കുറിശ്ശി ക്ഷേത്രത്തിലെ വിഗ്രഹം കള്ളന്മാർ കവർന്നിരുന്നു. കഴിഞ്ഞ ഡിസംബർ 3ന് തമിഴ്നാട് സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരത്തു നിന്ന് വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. വിഗ്രഹം കോടതി നടപടി പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകിട്ട് ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറി. കോടതിയിൽ നിന്ന് ശിവന്റെ വിഗ്രഹത്തെ പല്ലക്കിൽ വച്ച് നാട്ടുകാരും ഭക്തരും വാദ്യഘോഷങ്ങൾ മുഴക്കി, താലപ്പൊലിയേന്തി ഘോഷയാത്രയായി വിഗ്രഹത്തെ ക്ഷേത്രത്തിൽ എത്തിച്ചു. വിഗ്രഹത്തെ ക്ഷേത്ര കൊടിമരത്തിന്റെ അടുത്ത് താത്കാലികമായി പ്രതിഷ്ഠിക്കുകയും ചെയ്തു. പരിഹാര പൂജകൾ നടത്തിയ ശേഷം വിഗ്രഹത്തെ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്ര തന്ത്രി താരനല്ലൂർ പരമേശ്വരൻ നമ്പൂതിരി അറിയിച്ചു.