ആറ്റിങ്ങൽ: ദേവസ്വം ബോർഡിന്റെ പ്രഖ്യാപനങ്ങൾ വാക്കുകളിൽ ഒതുങ്ങിയപ്പോൾ ചരിത്ര സ്‌മരണകളുറങ്ങുന്ന ഒരു കെട്ടിടംകൂടി നാശത്തിന്റെ വക്കിൽ. തിരുവിതാംകൂറിന്റെ മാതൃഗൃഹമെന്ന് ചരിത്രം പറയുന്ന ആറ്റിങ്ങൽ കൊട്ടാരമാണ് ജീർണാവസ്ഥയിലായത്. കൊല്ലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്‌മാരകം പുരാവസ്‌തു വകുപ്പും ദേവസ്വം ബോർഡും ചേർന്ന് പുനരുദ്ധരിക്കുമെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല. നിരവധി സമരങ്ങളുടെയും ഇടപെടലുകളുടെയും അവസാനം ദേവസ്വം ബോർഡ‌് വീണ്ടും ഇവിടെ ക്ഷേത്രകലാപീഠം പുനരാരംഭിച്ചതാണ് ആകെയുള്ള ആശ്വാസം. ഇതോടെ ഈ കെട്ടിടത്തിൽ ആളനക്കം വന്നിട്ടുണ്ട്. എങ്കിലും അറ്റകുറ്റ പണികൾ നടത്താത്തതിനാൽ വിദ്യാർത്ഥികൾക്ക് ദുരിതം തന്നെയാണ്. പുരാവ‌സ്‌തു വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടം സന്ദർശനത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല.