പൂവാർ: പുതിയതുറയിലെ കൊച്ചുതുറക്കാരൻ ഷൈജു അലക്സിന് മറ്റൊരു പോരുകൂടിയുണ്ട്, തീരം തേടുന്ന തിരയുടെ പാട്ടുകാരൻ എന്നാണ് ഷൈജുവിനെ അറിയപ്പെടുന്നത്.
കടലിന്റെ ഭാഷയിൽ ആദ്യമായി കവിതകൾ എഴുതി അവ സമാഹാരിച്ച് പ്രസിദ്ധീകരിച്ചു. പലപ്പോഴും ആർത്തിരമ്പി കടൽ ഷൈജുവിന്റെ വീടിനെ മൂടാറുണ്ട്. അഴ്ച്ചകൾ കഴിഞ്ഞേ പിന്നെയവ മടങ്ങു. അന്നേരങ്ങളിൽ കുടുംബമായി ബന്ധുവീടുകളിൽ അഭയം തേടുന്നതും പതിവാണ്. ജീവിത യാതനകളെ പിന്നിലാക്കി പുത്തൻ സ്വപ്നങ്ങളുടെ തേരിലേറി പറക്കാൻ മോഹക്കുന്ന ഷൈജു ഇതിനോടകം ഒൻപത് പുസ്തകങ്ങൾ തന്റേതായി പ്രസിദ്ധീകരിച്ചു. 'ഇന്നീ മഴയത്ത്', 'ഉള്ളിൽ', 'കണ്ടില്ലെന്ന് നടിക്കരുത്', 'ദാരിദ്രരേഖയ്ക്ക് താഴെ', 'മരിക്കാൻ പോലും കഴിയാതെ', 'നില്പ് എന്ന കാൽപ്രയോഗത്തിനും ചുംബനം എന്ന ചുണ്ടു പ്രയോഗത്തിനും മധ്യേ ഞാൻ നിങ്ങളെ പോസ്റ്റ് ചെയ്യുന്നു', 'എന്റെ അമ്മയുടെ 1980 കളിലെ ഫോട്ടോ', 'മുറ്റം തൂക്കുന്ന ആൺകുട്ടി' തുടങ്ങിയ കവിതാ സമാഹാരങ്ങളും 'മുള്ള് ചുമക്കുന്ന ഉറുമ്പുകൾ' എന്ന ബാലസാഹിത്യ കൃതിയും ചെറുകഥകളും പ്രസിദ്ധികരിച്ചിട്ടുണ്ട്. പാട്ടു പാടുകയും ഈണത്തിൽ കവിത ചൊല്ലുകയും ചെയ്യുന്ന ഷൈജു മിമിക്രി കലാകാരൻ കൂടിയാണ്. പ്രഥമ ഡി. വിനയചന്ദ്രൻ കവിതാ പുരസ്കാരം, പ്രഥമ മലയാള ചർച്ചാവേദിയുടെ യുവപ്രതിഭാ പുരസ്കാരം, വിശിഷ്ട സേവാരത്ന പുരസ്കാരം, എസ്.എം.ടി.എഫ് ന്റെ സംസ്ഥാനതലസാഹിത്യ അവാർഡ്, സംഘമാത്രം സാഹിത്യ പുരസ്കാരം, നിയാർട്ടിന്റെ യുവപ്രതിഭാ പുസ്കാരം, മിതമിത്രം സാഹിത്യ അവാർഡ്, അതിരൂപത യുവത അവാർഡ്, ചിന്നപ്പൻ മെമ്മോറിയൽ അവാർഡ്, സാഗരം സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ഇതിനോടകം ഷൈജുവിനെ തേടിയെത്തി. ഫാ.ടൈസൺ, ഫാ.ജോസ് പുളിൻത്താനത്ത്, ഫാ.കെ.ജെ. തോമസ്, ഫാ. സോണി തോമസ് തുടങ്ങിയവരാണ് തന്റെ ജീവിതത്തെ സ്വാധീനിച്ച വെക്തിത്വങ്ങളെന്ന് ഷൈജു പറയുന്നു. കവിതാ ലോകത്തെ കുരീപ്പുഴ ശ്രീകുമാർ, വി. മധുസൂദനൻ നായർ തുടങ്ങിയവരും ഷൈജുവിന്റെ ഗുരുതുല്യരാണ്.