drink

തിരുവനന്തപുരം: അടിച്ച് പൂസായി ആരെങ്കിലും ഇനി റോഡിൽ കിടന്നാൽ അവിടെ കിടക്കത്തേയുള്ളൂ. പൊലീസ് തിരിഞ്ഞു നോക്കില്ല. അങ്ങനെ നോക്കിയാൽ, നോക്കുന്ന പൊലീസിന് പണിയാകും. മദ്യപിച്ച് ഫിറ്റായി കിടക്കുന്നവരെ വിട്ടുകളയാനാണ് പൊലീസുകാരോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. തൃശൂർ പൊലീസ് അക്കാഡമിയിൽ സംസ്ഥാന പൊലീസ് മേധാവി വിളിച്ചുചേർ‌ത്ത യോഗത്തിൽ എസ്.എച്ച്.ഒ മാരും സ്റ്റേഷൻ റൈറ്റർമാരുമാണ് പങ്കെടുത്തത്. പുതുവർഷത്തിൽ സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെകൂടി വിളിച്ചുകൂട്ടി ഉന്നത ഉദ്യോഗസ്ഥർ നയം വിശദീകരിച്ചത്.

പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മർദ്ദനവും ഒഴിവാക്കാൻ കർശന നിർദേശങ്ങളാണ് യോഗത്തിലുണ്ടായത്. പൊതുസ്ഥലത്തോ വീടുകളിലോ പ്രശ്നമുണ്ടാക്കുന്നവരെ ഉൾപ്പെടെ മദ്യത്തിന്റെയോ മറ്റേതെങ്കിലും ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരെയോ യാതൊരു കാരണവശാലും സ്റ്റേഷനുകളിൽ സൂക്ഷിക്കരുതെന്നാണ് പ്രധാന നിർദേശം.

മദ്യപിച്ച് വീടുകളിൽ അക്രമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും പൊലീസെത്തി പ്രശ്നക്കാരെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വരാറുണ്ട്. ഇനി ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് വരില്ല. വിശേഷിച്ച് രാത്രിയിൽ. വിവരം ലഭിച്ചാൽ പൊലീസെത്തി അയൽക്കാരുടെയോ നാട്ടുകാരുടെയോ സാന്നിദ്ധ്യത്തിൽ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് മടങ്ങിപ്പോരും. സ്ഥിരം പ്രശ്നക്കാരോ സമൂഹത്തിന് ഭീഷണിയോ ഉള്ളവരാണെങ്കിൽ ബന്ധുക്കളുടെ സഹായത്തോടെ അവരെ നിയമാനുസൃതം ചികിത്സയ്ക്ക് വിധേയരാക്കും. പൊലീസിനെ കണ്ട് ഇവർ പ്രകോപിതരായാലും അവരെ കൈയേറ്റം ചെയ്യരുതെന്നാണ് മറ്റൊരു നിർദേശം.

മറ്റ് നിർദേശങ്ങൾ

 എല്ലാ സ്റ്റേഷനുകളിലും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും ഹെൽപ്പ് ഡസ്കുകൾ വേണം. ജനങ്ങൾക്കാവശ്യമായ സേവനങ്ങൾക്കും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പബ്ളിക് റിലേഷൻസ് ഓഫീസർമാരും പ്രവർത്തിക്കണം. സ്റ്റേഷനുകളിലെത്തുന്ന എല്ലാ പരാതികളിലും കൃത്യമായി നടപടികൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കണം.

 സ്റ്റേഷനിലെ കാമറകൾ ലോക്കപ്പുൾപ്പെടെ കാണത്തക്കവിധം ക്രമീകരിക്കണം. ഇവ ഡി.ജി.പി ഓഫീസിലെ കൺട്രോൾ റൂം നിരീക്ഷണത്തിലായിരിക്കണം.

 വാഹന പരിശോധനയിൽ ഡി.ജി.പി നൽകിയിരിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ഒളിഞ്ഞും മറഞ്ഞും നിന്ന് പരിശോധിക്കാനോ കുടുംബമായി പോകുന്നവരെ തടഞ്ഞ് ബുദ്ധിമുട്ടിക്കാനോ പാടില്ല. അത്തരം നിയമലംഘനങ്ങൾ ഫോണിലോ കാമറയിലോ പകർത്തി നടപടി സ്വീകരിക്കാം.

 സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല. സ്ത്രീകളെയോ കുട്ടികളെയോ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പാടില്ല. വനിതാ പൊലീസ് സഹായത്തോടെ താമസ സ്ഥലത്തെത്തി നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കണം.

 പട്രോളിംഗ് ശക്തമാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സാദ്ധ്യമായ എല്ലാ നടപടികളും കൈക്കൊള്ളണം.

 അഴിമതിയോ മറ്റ് പെരുമാറ്റ ദൂഷ്യങ്ങളോ വച്ചുപൊറുപ്പിക്കില്ല.