ബഹമാസിലെ ജനവാസമില്ലാത്ത ബിഗ് മേയർ കെയ് എന്ന ചെറുദ്വീപിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് മനുഷ്യർക്ക് പകരം കാട്ടുപന്നികളാണ്. ദ്വീപിനു ചുറ്റുമുള്ള കടലിന്റെ ആഴം കുറഞ്ഞ ഭാഗത്ത് നീന്തി നടക്കുന്ന കാട്ടുപന്നികൾ കൗതുകക്കാഴ്‌ചയാണ്. പിഗ് ബീച്ചെന്ന അപരനാമത്തിലാണ് ദ്വീപ് അറിയപ്പെടുന്നത്.ഈ കാട്ടുപന്നികൾ എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നതിന് കൃത്യമായ ഉത്തരമില്ല. ചില നാവികർ തങ്ങൾക്ക് ഭക്ഷണമാക്കാൻ വേണ്ടി ഇവയെ ഇവിടെ എത്തിച്ചതാകാമെന്ന് കരുതുന്നു. നാവികർ ദ്വീപിലേക്ക് മടങ്ങിയെത്താഞ്ഞതോടെ കാട്ടുപന്നികൾ ദ്വീപ് താവളമാക്കുകയായിരുന്നത്രെ. ദ്വീപിന് സമീപത്ത് കൂടി ഒരു കപ്പൽപ്പാത കടന്നുപോകുന്നുണ്ട്. ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന കപ്പലുകളിലെ ഭക്ഷണാവശിഷ്‌ടങ്ങൾ ഈ ദ്വീപിലാണ് നിക്ഷേപിക്കുന്നത്. ദ്വീപിലെ കാട്ടുപന്നികളുടെ പ്രധാന ആഹാരങ്ങളിലൊന്നായി ഈ ഭക്ഷണാവശിഷ്‌ടങ്ങൾ മാറി.
ഒരു കപ്പലപകടത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ദ്വീപിലെത്തിയതാണ് കാട്ടുപന്നികളെന്നും കഥയുണ്ട്. ഇതൊന്നുമല്ല, സഞ്ചാരികളെ ആകർഷിക്കാൻ ബഹമാസ് തന്നെയാണ് കാട്ടുപന്നികളെ ബിഗ് മേയർ ദ്വീപിലെത്തിച്ചതെന്ന് ചിലർ പറയുന്നു. പന്നികൾ ഇത്തരം ഒരു ദ്വീപിൽ കാണപ്പെടുന്നതിൽ അസ്വഭാവികതയുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. പന്നികൾ കടൽത്തീരങ്ങളിൽ സാധാരണയായി ജീവിക്കാറില്ല എന്നതാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്. സാധാരണ പന്നികൾക്ക് സൂര്യനിൽ നിന്നുള്ള ചൂട് ഇഷ്‌ടമല്ല. എന്നാൽ, ബിഗ് മേയർ ദ്വീപിലെ പന്നികൾ പൊരിവെയിലത്തും ബീച്ചിൽ ഉല്ലസിച്ചു നടക്കുന്നത് കാണാം.
2001ലാണ് ഇവിടെ ആദ്യമായി പന്നികൾ പ്രത്യക്ഷപ്പെട്ടത്. ആദ്യം ഏഴ് പന്നികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2013 ആയപ്പോഴേക്കും ഇത് 20 എണ്ണമായി വർദ്ധിച്ചു. ഏകദേശം ഒരു സ്‌ക്വയർ മൈൽ വലിപ്പമുള്ള ദ്വീപിൽ ശുദ്ധജലമുള്ള മൂന്ന് ഉറവകളുണ്ട്. വളരെ ശാന്തമായ കടൽത്തീരമായതിനാൽ പന്നികൾക്ക് ഇവിടെ കൂളായി നീന്തി നടക്കാം.