തിരുവനന്തപുരം: ദേശവ്യാപകമായാണ് ഇന്നത്തെ പണിമുടക്കെങ്കിലും അത് കേരളത്തിലാണ് ശക്തമായി നടപ്പാക്കുക. മറ്റിടങ്ങളിൽ ഭാഗികമോ, ചെറിയതോതിലോ ആയിരിക്കും. അത് അറിയാവുന്ന സർക്കാർ പണിമുടക്കിന്റെ പിറ്റേന്ന് തന്നെ ആഗോള നിക്ഷേപസംഗമമായ അസെൻഡ് കൊച്ചിയിൽ നടത്തുന്നതിനെ പരിഹസിച്ച് നിസാൻ ചീഫ് ഇൻഫർമേഷൻ ഒാഫീസറും മലയാളിയുമായ ടോണി തോമസ് പ്രതികരിച്ചത് വിവാദമായി. കൊച്ചിയിൽ മരട് ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതിന്റെ തിരക്കും ജനങ്ങളുടെ പ്രതിഷേധവും നടക്കുന്നതാണ് കഴിഞ്ഞ കുറെദിവസങ്ങളായി കൊച്ചിയിലെ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞിരിക്കുന്നത്. നിക്ഷേപസംഗമത്തിനെത്തുന്നവരെ ഭയപ്പെടുത്തുന്ന ഇൗ രണ്ടുസംഭവങ്ങളുമുള്ളപ്പോൾ അതിനിടയിൽ നിക്ഷേപസംഗമം നടത്തുന്നതെന്തിനാണെന്നാണ് ടോണി തോമസിന്റെ പരിഹാസം.ഒരു വശത്ത് നിക്ഷേപ സംഗമവും മറുവശത്ത് നിക്ഷേപകരെ തളർത്തുന്ന നടപടിയുമാണ് ഇതെന്നും 'അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ' എന്ന സിനിമാസന്ദർഭം പോലെയാണിതെന്നും നിസാൻ സി.ഐ.ഒ ടോണി തോമസ് വിശദമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു ടോണി തോമസിന്റെ പരിഹാസം.