flood
FLOOD

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 916.24കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന മാതൃകയിൽ 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി" എന്ന പേരിലാവും പുനരുദ്ധാരണം. ഒക്ടോബർ - നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ നീക്കം.

ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റർ റോഡുകൾ പ്രളയത്തിൽ തകർന്നെന്നാണ് കണക്ക്. പുനരുദ്ധാരണത്തിനുള്ള തുക അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറും. പുനരുദ്ധരിക്കേണ്ട റോഡുകളുടെ ശുപാർശ സംസ്ഥാനതലത്തിൽ കൈമാറുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാരെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ സാങ്കേതിക ഉപദേശസമിതിയും പ്രാദേശിക തലത്തിൽ മേൽനോട്ടസമിതിയും രൂപീകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അന്തിമ തീരുമാനമെടുക്കും.

റോഡ് പുനരുദ്ധാരണത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ടും പൊതുമരാമത്ത് ഫണ്ടുമുണ്ടെങ്കിലും അറ്റകുറ്റപ്പണി പലയിടത്തും നടക്കുന്നില്ല. ഇതേത്തുടർന്നാണ് ആദ്യഘട്ടമെന്ന നിലയിൽ പ്രളയത്തിൽ തകർന്ന റോഡുകൾ പുനരുദ്ധരിക്കാനുള്ള പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം രൂപം നൽകിയത്.

 ഓരോ ജില്ലകൾക്കും അനുവദിച്ച തുക (കോടിയിൽ)

തിരുവനന്തപുരം - 26.42
കൊല്ലം - 65.93
പത്തനംതിട്ട - 70.07
ആലപ്പുഴ - 89.78
കോട്ടയം - 33.99
ഇടുക്കി - 35.79
എറണാകുളം - 35.79
തൃശൂർ - 55.71
പാലക്കാട് - 110.14
മലപ്പുറം - 50.94
കോഴിക്കോട് - 101
വയനാട് - 149.44
കണ്ണൂർ - 120.69
കാസർകോട് - 15.56