തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ഇന്ന് ജില്ലയിൽ 14 കേന്ദ്രങ്ങളിൽ കൂട്ട സത്യാഗ്രഹം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി കൺവീനർ വി.ശിവൻകുട്ടിയും ചെയർമാൻ വി.ആർ.പ്രതാപനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.വർക്കല, ആറ്റിങ്ങൽ, കിളിമാനൂർ,വെഞ്ഞാറമൂട്,നെടുമങ്ങാട്, ആര്യനാട്,മംഗലപുരം,കഴക്കൂട്ടം,കോവളം,നെയ്യാറ്റിൻകര,പാറശാല, വെള്ളറട,കാട്ടാക്കട, മലയിൻകീഴ് എന്നിവിടങ്ങളിലാണ് രാവിലെ മുതൽ വൈകിട്ട് ആറുവരെ കൂട്ടസത്യാഗ്രഹം നടത്തുക. ഇതിന് പുറമേ പ്രധാനകേന്ദ്രമായ സ്റ്റാച്യുവിൽ സത്യാഗ്രഹവും തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടാകും. വൈകിട്ട് 6ന് രക്തസാക്ഷി മണ്ഡപത്തിൽ പന്തം കൊളുത്തി പ്രകടനം നടക്കും.
തൊഴിലാളികൾ യൂണിയൻ അടിസ്ഥാനത്തിൽ സി.ഐ.ടി.യു (ആശാൻ സ്‌ക്വയർ), ഐ.എൻ.ടി.യു.സി (ട്രിഡ പാർക്കിംഗ് ഏരിയ), എ.ഐ.ടി.യു.സി (പാളയം മാർക്കറ്റിന് മുന്നിൽ). യു.ടി.യു.സി (ട്രിഡയുടെ മുന്നിൽ), എസ്.ടി.യു (അയ്യങ്കാളി ഹാൾ), സേവ (ജൂബിലി ഹോസ്‌പിറ്റൽ) എന്നിവിടങ്ങളിലും മറ്റു സംഘടനകൾ ഹോട്ടൽ സൗത്ത് പാർക്കിന്റെ മുന്നിലും കേന്ദ്രീകരിച്ചായിരിക്കും സമരത്തിനെത്തുക. ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കളായ പി.എസ്.നായിഡു, മാഹിൻ അബൂബക്കർ,സ്വീറ്റ ദാസ്, മീനാങ്കൽ കുമാർ, കവടിയാർ ധർമ്മൻ, ആനയറ രമേശൻ, കാരയ്ക്കാമണ്ഡപം രവി, എം.പോൾ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.