തിരുവനന്തപുരം: സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ ആയിരം തസ്തികകൾ സൃഷ്ടിക്കും. റിക്രൂട്ട്‌മെന്റ്, പരിശീലനം, വിന്യാസം എന്നിവ സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിക്കും. സംസ്ഥാന പൊലീസ് മേധാവി, കേരള പൊലീസ് അക്കാഡമി ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും.

സർക്കാരിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങൾക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങൾക്കും സുരക്ഷ നൽകുന്നതിനാണ് 2011ൽ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്. 979 പേരുള്ള സേനയുടെ അംഗബലം മൂവായിരമായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം.