തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ നിയമസഭയെ ഗവർണർ അധിക്ഷേപിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത് ഇരുവരും തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ചുമട്ടുതൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഗവർണർ ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. പ്രമേയം പാസാക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ടെന്ന് ഗവർണർ മനസിലാക്കണം. സഭയ്ക്ക് അതിന്റെ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. അത് അനുസരിച്ചാണ് പ്രമേയം പാസാക്കിയത്. നേരത്തെയും പ്രമേയം പാസാക്കിയ ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ നിയമസഭയെ ഗവർണർ അധിക്ഷേപിക്കുമ്പോൾ സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ തയ്യാറാകാതെ സഭാനേതാവായ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്. ഗവർണർക്കെതിരെ സംസാരിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടാത്തത് നാണക്കേടാണ്. രാജ്ഭവനിൽ പോയി പ്രതിഷേധമറിയിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ,​ പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മണക്കാട് ചന്ദ്രൻകുട്ടി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കൈമനം പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.