gsat30

തിരുവനന്തപുരം: രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ കൂറ്റൻ വാർത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 30 ഈ മാസം 17ന് വിക്ഷേപിക്കും. ഇതോടെ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുക്കും. ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഏരിയൻ 5 റോക്കറ്റിലാണ് വിക്ഷേപണം.

ഇതുവരെ 83 വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 34 എണ്ണം സജീവമാണ്. അതിൽ ഇൻസാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്.

വാർത്താവിനിമയം, ടെലിവിഷൻ സംപ്രേഷണം, സൈനിക വാർത്താവിനിമയം എന്നിവയ്ക്കായാണ് ഇന്ത്യ ഉപഗ്രഹങ്ങളയയ്‌ക്കുന്നത്. ഇന്റർനെറ്റ് ശക്തമാക്കാനുള്ള പദ്ധതിക്ക് 2017 ലാണ് തുടക്കമിട്ടത്. 2017 ൽ ജിസാറ്റ് 19, 2018ൽ ജിസാറ്റ് 29,11,2019 ൽ ജിസാറ്റ് 31 എന്നീ ഉപഗ്രഹങ്ങളാണ് ഇൗ പദ്ധതിയിൽ വിക്ഷേപിച്ചത്. ഇതിന്റെ ഭാഗമാണ് 17ന് അയയ്‌ക്കുന്ന ജിസാറ്റ് 30. ഇൗ വർഷം തന്നെ ജിസാറ്റ് 20 എന്ന മറ്റൊരു ഉപഗ്രഹം കൂടി അയച്ചേക്കും. രാജ്യത്തെല്ലായിടത്തും പ്രത്യേകിച്ച് ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റാണ് ലക്ഷ്യം. ഒാരോ ജി - സാറ്റ് ഉപഗ്രഹവും കൂടുതൽ സ്ഥലങ്ങളിൽ ഇന്റർനെറ്റ് എത്തിക്കും. ജിസാറ്റ് 30 കപ്പലുകളിലും വിമാനങ്ങളിലും കൂടി ഇന്റർനെറ്റ് ലഭ്യമാക്കും. ജിസാറ്റ് 20 കൂടി വരുമ്പോൾ മലമ്പ്രദേശങ്ങളിലും താഴ്വാരങ്ങളിലും നെറ്റ് ലഭിക്കും.

സെക്കൻഡിൽ 2 മെഗാബൈറ്റാണ് ഇന്ത്യയിലെ ശരാശരി ഇന്റർനെറ്റ് വേഗത. സ്വകാര്യ ടെലികോം സേവനദാതാക്കൾ നഗരങ്ങളിൽ കൂടുതൽ വേഗതയുളള ഇന്റർനെറ്റ് നൽകുന്നുണ്ടെങ്കിലും രാജ്യമെമ്പാടും ഇത് ലഭ്യമല്ല.

ഇന്റർനെറ്റ് സ്‌പീഡ്: മുന്നിൽ കൊറിയ

കൊറിയ :സെക്കൻഡിൽ 25 മെഗാബൈറ്റ്.

അമേരിക്ക: 11 മെഗാബൈറ്റ്

 യൂറോപ്പ് : 10 മെഗാബൈറ്റ്

 ചെെന : 6 മെഗാബൈറ്റ്.

ജിസാറ്റ് 30

ഭാരം : 3450 കിലോഗ്രാം

വിക്ഷേപണം : ഏരിയൻ 5 റോക്കറ്റിൽ

ഭ്രമണപഥം : 36,000 കിലോമീറ്റർ ഉയരത്തിൽ

ആയുസ് : 15 വർഷം