
പോത്തൻകോട്: രണ്ടുവർഷത്തിന് മുമ്പ് നവീകരണം ആരംഭിച്ച ഉതിരപ്പെട്ടി - പുളിമാത്തൂർ - മയിലാടും മുകൾ - മേരിമാത റോഡ് നിർമ്മാണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നതായി പരാതി. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് വർഷം മുമ്പ് റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചത്. നിലവിലെ വീതികുറഞ്ഞ റോഡ് പൂർണമായും കൊത്തിയിളക്കി പുതിയ മെറ്റൽ പാകിയാണ് റോഡുപണി ആരംഭിച്ചത്. ചിലയിടങ്ങളിലുണ്ടായ എതിർപ്പ് കാരണമാണ് പദ്ധതി വൈകുന്നതെന്നാണ് സൂചന.
എങ്ങുമെത്താതെ റോഡ് നിർമ്മാണം
------------------------------------------------------------
അഞ്ചര മീറ്റർ വീതിയുണ്ടായിരുന്ന റോഡിന്റെ ഇരുവശവും വീതികൂട്ടി 8 മീറ്റർ വീതിയിലാണ് നിലവിൽ റോഡ് നിർമ്മിക്കുന്നത്. ചിലയിടങ്ങളിൽ പാർശ്വഭിത്തികളും കലുങ്കും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയായാൽ പോത്തൻകോട്ടെ കുരുക്കിൽപ്പെടാതെ എം.സി റോഡിലേക്കും നെടുമങ്ങാട്, വട്ടാപ്പാറ ഭാഗങ്ങളിലേക്കും യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയും
തീരാത്ത ദുരിതം
--------------------------
നിരവധിപ്പേർ ആശ്രയിക്കുന്ന റോഡിൽ ദുരിതയാത്ര
കാലാവധി കഴിഞ്ഞിട്ടും റോഡുപണി എങ്ങുമെത്തിയില്ല
തകർന്ന റോഡിൽ വാഹനയാത്രക്കാർ ദുരിതത്തിൽ
ഇതുവഴിയുള്ള കാൽനട യാത്രയും കഠിനംതന്നെ
റോഡുപണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യം
പുളിമാത്തുർ - മയിലാടുംമുകൾ ഭാഗത്തെയും ഹെൽത്ത് സെന്റർ ഭാഗത്തെയും റോഡ് നവീകരണമാണ് നീണ്ടുപോകുന്നത്. റോഡ് വികസനത്തിന് നാട്ടുകാർ സഹകരിക്കണം.
- സീനത്ത് ബീവി, വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
നിർമ്മാണം തുടങ്ങിയത് - 2018 ഫെബ്രുവരിൽ
ചെലവ് - 4 .43 കോടി രൂപ
ദൂരം - 5.8 കിലോമീറ്റർ