kovalam

കോവളം: വിഴിഞ്ഞം ഹാർബർ റോഡിന്റെ പല ഭാഗത്തും ഓടകൾക്ക് സ്ലാബില്ല. തുറന്നുകിടക്കുന്ന ഓടയിൽ വീണ് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടശേഷം നടപടിയെടുക്കാൻ കാത്തിരിക്കുകയാണ് അധികൃതർ. മിക്കയിടങ്ങളിലും ഓടകൾക്ക് ഒന്നുമുതൽ അഞ്ചടിയോളം ആഴമുണ്ട് കാലവർഷം തുടങ്ങിയാൽ ഓടയും റോഡും മനസിലാവാത്ത സ്ഥിതിയാണ്. ഓടയിൽ വീണ് നടുവൊടിയേണ്ടെന്ന് കരുതി പലരും റോഡിലേക്ക് ഇറങ്ങിനടക്കുന്നത് അപകടഭീഷണിയുയർത്തുന്നു. കടകൾക്ക് മുന്നിലും റോഡിനോടുചേർന്നുള്ള വീടുകളിലേക്കും മറ്റും പോവാൻ സ്ഥാപിച്ച സ്ലാബുകൾ മാത്രമേയുള്ളൂ . ചിലയിടങ്ങളിൽ ഓടകൾ പേരിന് അടച്ചെന്ന് വരുത്തിയിട്ടുണ്ട്. നിരപ്പില്ലാതെ കിടക്കുന്ന ഇത്തരം വഴിയിലൂടെ പോകുമ്പോൾ പകൽപോലും ആളുകൾ വീഴുന്നത് പതിവാണെന്ന് സമീപത്തുള്ള കടക്കാർ പറഞ്ഞു. .ഓട നന്നാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും കോർപ്പറേഷനും പരസ്പരം പഴിചാരുക മാത്രമാണ് ചെയ്യുന്നത്. നാലര കോടിയോളം ചെലവിട്ട് നിർമ്മിച്ച ആഴാകുളം -ഹാർബർ മുഹിയിദ്ദീൻ റോഡ് നിർമ്മാണം പൂർത്തിയായപ്പോൾ അധികൃതർ 200 മീറ്ററോളം വരുന്ന ഇടറോഡുകളിലെ ഓട സ്ലാബിട്ട് മൂടിയിരുന്നില്ല. മാത്രമല്ല വിഴിഞ്ഞം തുറമുഖം നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ കണ്ടയ്നർ വാഹനം ഉൾപ്പെടെ എത്തുന്ന ഇവിടെ യാതൊരു ആസൂത്രണവും ഇല്ലാതെ റോഡിന്റെ വീതി കുറച്ച് ടാർ ചെയ്ത സംഭവവും നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.