പ്രളയ ദുരിതാശ്വാസ സഹായം അനുവദിച്ചതിൽ കേരളത്തെ പാടേ തഴഞ്ഞ കേന്ദ്ര നടപടി പതിവുപോലെ ശക്തമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതാണ്. തുടർച്ചയായി രണ്ടുവർഷം അഭൂതപൂർവമായ പ്രളയം നേരിടേണ്ടിവന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2018ൽ 600 കോടി സഹായമായി ലഭിച്ചു. അതിന്റെ പല മടങ്ങ് വാഗ്ദാനമായി ലഭിച്ചതാണ്. എന്നാൽ പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്ര ഭരണാധികാരികൾ സ്ഥിതിഗതികൾ നേരിൽക്കണ്ട് കണ്ണീർ വാർത്തു മടങ്ങിയതല്ലാതെ കൂടുതൽ ഒന്നും ലഭിച്ചില്ല. 2019-ലും സംസ്ഥാനത്തിന്റെ പല ജില്ലകളും പ്രളയത്തിൽ മുങ്ങി. മലപ്പുറം, വയനാട് ജില്ലകളിൽ കൊടിയ നാശനഷ്ടങ്ങളുണ്ടായി. ഉരുൾപൊട്ടലുകളിൽ എഴുപതിലേറെ മനുഷ്യരുടെ ജീവൻ ഒലിച്ചുപോയി. പ്രകൃതി ദുരന്തത്തിന്റെ തീവ്രത കഠിനമായിട്ടും കേന്ദ്രം കണ്ണുതുറന്നില്ല.
കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി കഴിഞ്ഞ വർഷം പ്രളയമുണ്ടായ ഏഴു സംസ്ഥാനങ്ങൾക്ക് 5908 കോടി രൂപയുടെ സഹായം അനുവദിച്ചു. ഈ പട്ടികയിൽ എന്തുകൊണ്ടോ കേരളം ഉൾപ്പെടുന്നില്ല. ഏഴിൽ അഞ്ചും കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. മഹാരാഷ്ട്രയും മദ്ധ്യപ്രദേശുമാണ് കേന്ദ്ര സഹായം ലഭിക്കാൻ ഭാഗ്യമുണ്ടായ ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ. ജനതാദൾ - എസ് - കോൺഗ്രസ് സഖ്യ സർക്കാരിനെ അതീവ കൗശലത്തോടെ അധികാര ഭ്രഷ്ടമാക്കി ബി.ജെ.പി ഭരണം പിടിച്ചെടുത്ത കർണാടകത്തിനാണ് ഇക്കുറിയും കേന്ദ്ര ദുരിതാശ്വാസ സഹായത്തിന്റെ വലിയ പങ്ക് നേടാനായത് - 1870 കോടി രൂപ. ഇതിനു മുൻപും 1200 കോടി രൂപയുടെ പ്രളയ സഹായം വാങ്ങാൻ കർണാടകത്തിനു ഭാഗ്യമുണ്ടായി. കേരളം 2100 കോടിയുടെ പ്രളയ നഷ്ടത്തിന്റെ വിശദമായ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചു കാത്തിരിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച നടന്ന ഉന്നതാധികാര സമിതി യോഗത്തിൽ കേരളത്തിന്റെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. കാരണമൊട്ടു വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ വൈരമല്ലാതെ ചൂണ്ടിക്കാണിക്കാവുന്ന കാരണമൊന്നുമില്ലതാനും.
ദുരന്തം നേരിടുന്ന ഘട്ടത്തിൽ രാഷ്ട്രീയ പരിഗണനകൾ കൂടാതെ സംസ്ഥാനങ്ങളെ സഹായിക്കുക എന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഫെഡറൽ സംവിധാനം പുലരുന്ന രാജ്യത്ത് ഇതൊക്കെ ആരും ആരെയും പഠിപ്പിക്കേണ്ട കാര്യമല്ല. നിർഭാഗ്യവശാൽ കേന്ദ്രത്തിൽ നിന്ന് കേരളം നേരിടേണ്ടി വരുന്നത് കടുത്ത അവഗണനയാണ്. ഈ രാഷ്ട്രീയപ്പോരിൽ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് ഇവിടത്തെ സാധാരണക്കാരായ ജനങ്ങളാണ്. പ്രളയത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട് തെരുവാധാരമായ കുടുംബങ്ങളുടെ വിലാപം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. പുനരധിവാസവും സഹായവും കാത്തുകഴിയുന്ന അത്തരം കുടുംബങ്ങളുടെ പ്രതീക്ഷകളാണ് കേന്ദ്ര - സംസ്ഥാന രാഷ്ട്രീയപ്പോരിൽ തട്ടിതകർന്നു പോകുന്നത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനാണ് 2018ൽ കേരളം സാക്ഷിയായത്. വെറും 600 കോടി രൂപയാണ് അന്ന് കേന്ദ്ര സഹായമായി ലഭിച്ചത്. ഈ മഹാപ്രളയത്തിന്റെ കെടുതി അതേപടി നിലനിൽക്കുമ്പോഴാണ് കഴിഞ്ഞ വർഷം വീണ്ടും മറ്റൊരു മഹാ ദുരന്തം സംസ്ഥാനത്തെ വേട്ടയാടിയത്. അപ്പോഴും കേന്ദ്രത്തിൽ നിന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ സംസ്ഥാനം സന്ദർശിച്ച് പ്രളയ നഷ്ടം വിലയിരുത്തി മടങ്ങിയതാണ്. അർഹമായ സഹായം നൽകുമെന്ന് പ്രഖ്യാപനവും ഉണ്ടായി. ഒന്നും നടന്നില്ലെന്നു മാത്രം. കേരളത്തിനു മാത്രം സഹായം നിഷേധിക്കുന്നതിലെ അനൗചിത്യം മനസിലാക്കാൻ പ്രയാസമാണ്. ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ ഏറ്റവുമധികം നഷ്ടമുണ്ടാകുന്നതും യാതന അനുഭവിക്കേണ്ടി വരുന്നതും സാധാരണക്കാരാകും.
സഹായ നിഷേധം പ്രത്യക്ഷത്തിൽ ബാധിക്കുന്നത് ഈ വിഭാഗത്തെയാണ്. രാഷ്ട്രീയമല്ല കടുത്ത ജീവിത യാഥാർത്ഥ്യങ്ങളാണ് അവരുടെ മുന്നിലുള്ളത്. കേരളത്തിൽ അധികാരത്തിലിരിക്കുന്നത് ഇടതുമുന്നണി സർക്കാരായതിനാൽ കേന്ദ്ര സർക്കാരിന് ഉൾക്കൊള്ളാനാകാത്ത നയസമീപനങ്ങൾ പലതും കാണും. എന്നാൽ പ്രളയ സഹായം പോലുള്ള കാര്യങ്ങളിൽ നഗ്നമായ വിവേചനം കാണിക്കുന്നത് കടുത്ത നീതിനിഷേധം മാത്രമല്ല, മനുഷ്യവിരുദ്ധം കൂടിയാണ്. ഇപ്പോൾ പുറത്തെടുത്ത നീതിനിഷേധം പ്രകടമായും സമീപകാല രാഷ്ട്രീയ സംഭവഗതികളുടെ ഭാഗമായി ആരെങ്കിലും കരുതിയാൽ കുറ്റപ്പെടുത്താനാവില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തു നടന്നുവരുന്ന വമ്പിച്ച പ്രതിഷേധങ്ങളിൽ കേന്ദ്രം സ്വാഭാവികമായും അസ്വസ്ഥമാണ്. സംസ്ഥാന സർക്കാർ തന്നെയാണ് പ്രതിഷേധക്കാരുടെ മുൻനിരയിലുള്ളതെന്നതും വസ്തുതയാണ്. ആ നിലയ്ക്ക് പ്രളയസഹായ നിഷേധം ഇതുമായി കൂട്ടിക്കെട്ടി കാണുന്നവരാകും അധികം.
യാഥാർത്ഥ്യം അതാണെങ്കിൽ കേന്ദ്ര സമീപനത്തിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കേണ്ട സന്ദർഭമാണിത്. സഹായം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശത്തിൽപ്പെടുന്നതാണെന്നും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെക്കാൾ ശക്തമായ സമരം ഇത്തരത്തിലുള്ള നീതിനിഷേധത്തിനെതിരെ ഉണ്ടാകണം. പ്രളയ ദുരിതം അനുഭവിക്കുന്നവരെ പ്രത്യക്ഷത്തിൽ അപമാനിക്കുന്നതാണ് കേന്ദ്ര സമീപനം. കേരളത്തിന്റെ സഹായാഭ്യർത്ഥന നിഷേധിച്ചതും എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്വവും കേന്ദ്രത്തിനുണ്ട്. കേന്ദ്രം ഒന്നും തന്നില്ല എന്നു വിലപിച്ചുകൊണ്ടിരിക്കാതെ അർഹതപ്പെട്ടതു നേടിയെടുക്കാൻ സംസ്ഥാന സർക്കാരും വഴി തേടണം.