തിരുവനന്തപുരം: സിറോ മലബാർ,സിറോ മലങ്കര, ലത്തീൻ അതിരൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 15ാമത് അനന്തപുരി കാത്തലിക് ബൈബിൾ കൺവെൻഷൻ ഇന്ന് തുടങ്ങും.വൈകിട്ട് 6ന് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.12ന് സമാപിക്കും.ആർച്ച് ബിഷപ്പുമാരായ എം.സൂസപാക്യം, മാർ ജോസഫ് പെരുന്തോട്ടം എന്നിവരാണ് രക്ഷാധികാരികൾ. സാമുവൽ മാർ ഐറേനിയോസ്, ഡോ. ആർ.ക്രിസ്തുദാസ്, മാർ തോമസ് തറയിൽ എന്നിവർ സഹരക്ഷാധികാരികളും മോൺ.ഡോ.സി.ജോസഫ് റെക്ടർ, ഫാ.ജോസ് ചെരുവിൽ, ഫാ.ജോസ് വിരുപ്പേൽ എന്നിവർ സ്‌പിരിച്വൽ ഡയറക്ടർമാരുമാണ്. അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ.ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീം നാല് മുതൽ 9.30 വരെ പരിപാടികൾക്ക് നേതൃത്വം നൽകും.9ന് രാവിലെ 9 മുതൽ 4 വരെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ പകൽ ശുശ്രൂഷകൾ നടക്കും. കൗൺസലിംഗ്, കൈവയ്പ്, ശുശ്രൂഷ, കുമ്പസാരം എന്നിവയ്ക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും.
കൺവെൻഷനിൽ പങ്കെടുക്കാൻ വരുന്ന ചെറിയ വാഹനങ്ങൾക്ക് ഗ്രൗണ്ടിലും പവർഹൗസ് റോഡിലുമുള്ള പാർക്കിംഗ് സ്ഥലത്തും പാർക്ക് ചെയ്യാം. വലിയ വാഹനങ്ങൾ മൈതാനത്തിന് പുറത്ത് ആളുകളെ ഇറക്കിയ ശേഷം ആറ്റുകാൽ ഗവ.ഹോമിയോ കോളേജിന്റെയും താലൂക്ക് ഓഫീസിന്റെയും പരിസരത്ത് പാർക്ക് ചെയ്യേണ്ടതും 9.30ന് ശേഷം ആളുകളെ കൂട്ടിക്കൊണ്ടു പോകേണ്ടതുമാണെന്ന് കൺവീനർ റെക്സ് ജേക്കബ് അറിയിച്ചു. പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ വികാരി റവ. ഡോ.റ്റി. നിക്കോളാസ് ആണ് കൺവെൻഷന്റെ ജനറൽ കൺവീനർ. റെക്സ് ജേക്കബ്,എൽ.ക്രിസ്തുദാസ്, ജോർജ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൺവെൻഷന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.