വെമ്പായം: ഇന്ത്യയ്ക്ക് തന്നെ മാതൃകയായ കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ജീവനാഡികളായ പ്രേരക്മാർക്ക് ദുരിത ജീവിതം. സർക്കാരും സാക്ഷരതാ മിഷനും ഇവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമുണ്ടാക്കുന്നതിന് ചെറുവിരൽ പോലും അനക്കുന്നില്ലെന്നാണ് ആരോപണം.
പ്രേരക്മാർക്ക് ജീവിക്കാനുള്ള ശമ്പളമില്ലന്നതാണ് പ്രധാന വെല്ലുവിളി. ഒപ്പം മാടിനെ പോലെ പണിയെടുക്കുകയും വേണം. 300 രൂപയിൽ തുടങ്ങിയ ഓണറേറിയം പലപ്പോഴായി ഉയർത്തി 2900 രൂപ വരെയാക്കി. പിന്നീട് 2017 ജനുവരി മുതൽ ഇവരുടെ വേതനം പ്രതിമാസം 12000 രൂപയാക്കി നിജപ്പെടുത്തി. എന്നാൽ കഴിഞ്ഞ 3 മാസമായി ഒരു രൂപ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. 60 ശതമാനം സർക്കാർ ഫണ്ടുപയോഗിച്ചും 40 ശതമാനം സ്വായാർജിത ഫണ്ടും ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം. സ്വയാർജിത ഫണ്ട് പൂജ്യമാകാറാണ് പതിവ്. ഓണറേറിയം ദിവസ വേതനമാക്കി മാറ്റപ്പെട്ടിരിക്കുകയാണ്. പഠിതാക്കളെ കണ്ടെത്തണം, അതിന് ടാർജറ്റ് നിശ്ചയിച്ചു. ടാർജറ്റ് തികക്കാത്തവർക്ക് വേതനത്തിൽ കുറവ് വരുത്തി. അതിലും വ്യക്തതയില്ലാത്ത അവസ്ഥ. ഓരോ മാസവും റിപ്പോർട്ടും ഹാജർ രേഖയും പഞ്ചായത്ത് സെക്രട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്തു മാത്രമേ നോഡൽ പ്രേരകിനെ ഏൽപ്പിക്കാവൂ. സെക്രട്ടറിമാർ പലപ്പോഴും അതിന് തയാറാകാറില്ല. അവരുടെ കാലുപിടിച്ചാണ് പലരും ഒപ്പിട്ടു വാങ്ങുന്നത്. ഫീൽഡിൽ പോകണം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം മൂന്നര മുതൽ അഞ്ചര വരെയാണ് ഫീൽഡ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. പഠിതാക്കളുടെ രജിസ്‌ട്രേഷനും മറ്റും ഓൺലൈനിൽ നൽകണം. അതിനുള്ള ഇന്റർനെറ്റിനുള്ള തുക സ്വന്തം ചെലവിൽ കണ്ടെത്തണം. ഓരോ വർഷവും പഠിതാക്കൾ കുറഞ്ഞു വരികയാണ്. സ്വായാർജിത ഫണ്ട് ഉണ്ടാക്കാൻ പ്രേരക്മാർ മരണ പണിയെടുക്കേണ്ട അവസ്ഥയാണ്.