തിരുവനന്തപുരം: ജില്ലാ ബാങ്ക് എന്ന പദവിയിൽ പ്രവർത്തിക്കാനാവാത്ത വിധത്തിൽ മലപ്പുറം ജില്ലാസഹകരണ ബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി, സഹകരണ നിയമ ഭേദഗതി ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഓർഡിനൻസിന് ഗവർണർ അംഗീകാരം നല്കുന്നതോടെ മലപ്പുറം ജില്ലയിലെ പ്രാഥമിക സംഘങ്ങൾ കേരളബാങ്കിന്റെ അംഗങ്ങളാകും. ജില്ലാ സഹകരണ ബാങ്കിന് പ്രാഥമിക സഹകരണ സംഘങ്ങളെ അംഗങ്ങളാക്കാനാകില്ല. എന്നാൽ, റിസർവ് ബാങ്കിന്റെ ലൈസൻസുള്ളതിനാൽ സ്വതന്ത്ര ബാങ്കായി പ്രവർത്തിക്കാം. മലപ്പുറം ജില്ലാബാങ്കിന്റെ നിലനില്പിനെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. പ്രതിസന്ധി ഒഴിവാക്കാനും മലപ്പുറം ജില്ലാ ബാങ്കിന് കേരള ബാങ്കിന്റെ ഭാഗമാകാനും മൂന്ന് മാസം കൂടി അനുവദിക്കും. യു.ഡി.എഫ് നേതാക്കളുമായി ഉൾപ്പെടെ ഇതുസംബന്ധിച്ച് ചർച്ചയും നടത്തും.
ജില്ലയിലെ പ്രാഥമിക സംഘങ്ങളുടെ നിക്ഷേപവും അവർക്ക് നൽകുന്ന വായ്പയുമാണ് ജില്ലാബാങ്കിന്റെ പ്രധാന ഇടപാട്. പ്രാഥമികസംഘങ്ങൾ കേരളബാങ്കിന്റെ ഭാഗമായാൽ ഈ ഇടപാടുകൾ മുടങ്ങും. ഇതോടെ ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും. സ്വതന്ത്ര ബാങ്കായി മലപ്പുറം ജില്ലാ ബാങ്കിന് പ്രവർത്തിക്കാനാകുമെങ്കിലും ജില്ലമുഴുവൻ പ്രവർത്തന പരിധിയുള്ള ബാങ്കായി പ്രവർത്തിക്കുന്നതിനുള്ള വ്യവസ്ഥ ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതും അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ബാങ്കിംഗ് ലൈസൻസിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ അസ്ഥിരമാക്കുന്ന സർക്കാർ തീരുമാനത്തിൽ റിസർവ് ബാങ്ക് എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്.