തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ ഒമ്പതാമത് സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവം 10 മുതൽ 12 വരെ യൂണിവേഴ്സിറ്റി കോളേജിൽ നടക്കും. 10 ന് വൈകിട്ട് 5ന് പെരുമ്പടവം ശ്രീധരൻ, പുന്നല ശ്രീകുമാർ, ഡോ.ടി.എൻ.സീമ, ഏഴാച്ചേരി രാമചന്ദ്രൻ, സൂര്യാകൃഷ്ണമൂർത്തി, ചിന്ത ജെറോം, പി.ശ്രീകുമാർ, സുജ സൂസൻ ജോർജ് എന്നിവർ ചേർന്ന് കലോത്സവം ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. മേയർ കെ.ശ്രീകുമാർ മുഖ്യാതിഥിയാകും. തുടർന്ന് കലാമത്സരങ്ങൾ അരങ്ങേറും.
11ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിഭാസംഗമം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല അദ്ധ്യക്ഷയായിരിക്കും. 12ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.
9ന് രാവിലെ 10.30ന് ജില്ലയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിൽ നിന്നും സ്മൃതിയാത്രകൾ ആരംഭിച്ച് യൂണിവേഴ്സിറ്റി കോളേജിൽ സംഗമിക്കും. 10ന് പകൽ 3ന് 14 ജില്ലകളുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ നിന്ന് തുടങ്ങുന്ന സാംസ്‌കാരിക ഘോഷയാത്ര യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ചേരുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ അഞ്ച് വേദികളിലായാണ് മത്സരം. ഏഴു വിഭാഗങ്ങളിൽ മൊത്തം 153 ഇനങ്ങളിലായി 1400 പേർ മാറ്റുരയ്ക്കും.'ട്രാൻസ്‌ജെൻഡേഴ്സിനും ഇതര സംസ്ഥാന തൊഴിലാളികൾക്കും പ്രത്യേക വിഭാഗമായി മത്സരിക്കാൻ അവസരമൊരുക്കുന്നുവെന്ന പ്രത്യേകത കലോത്സവത്തിനുണ്ട്.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് നൽകും. വ്യക്തിഗത മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകും. ജില്ലകളിൽ നടന്ന ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ടീമുകളും വ്യക്തിഗത ഇനങ്ങളിൽ ഒന്നാമതെത്തിയവരുമാണ് സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.