തിരുവനന്തപുരം: തലസ്ഥാനത്തുള്ള റഷ്യക്കാർ ക്രിസ്‌മസ് ആഘോഷിക്കാനായി പാളയത്തെ സെന്റ് ജോർജ്ജ് മലങ്കര സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ഒത്തുകൂടി. തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരും ടൂറിസ്റ്റുകളെന്ന നിലയിൽ കോവളത്തും വർക്കലയിലുമെത്തിയ 50ഓളം റഷ്യക്കാർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ റഷ്യൻ കോൺസുലേറ്രാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജൂലിയൻ കലണ്ടർ പിന്തുടരുന്ന റഷ്യയിൽ ജനുവരി ഏഴിനാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. റഷ്യൻ ഓർത്തഡോക്‌സ് ചർച്ചും കേരളത്തിലെ മലങ്കര ഓർത്തഡോക്‌സ് സഭയും നല്ല ബന്ധം പുലർത്തുന്നുണ്ടെന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പാളയം പള്ളി വികാരി ഫാ. റജി ലൂക്കോസ് പറഞ്ഞു. കാതോലിക്കേറ്ര് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ജേക്കബ് ജോൺ ക്രിസമസ് സന്ദേശം നൽകി. റഷ്യൻ കുടുംബാംഗങ്ങൾ ഗാനം ആലപിച്ചു. ഫാ. ജോർജ്ജ് വർഗീസ്, ഫാ. ഫിലിപ് ഐസക്, ട്രസ്റ്രി കുര്യൻ മാത്യു,​ മാനേജിംഗ് കമ്മിറ്രി അംഗം ബാബു പാറയിൽ, ട്രസ്റ്ര് സെക്രട്ടറി പി.സി. കോര,​ റഷ്യൻ ഫെഡറേഷൻ ഓണററി കോൺസലും റഷ്യൻ കൾച്ചറർ സെന്റർ ഡയറക്ടറുമായ രതീഷ് സി.നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് റഷ്യൻ കൾച്ചറൽ സെന്ററിലും ക്രിസ്‌മസ് ആഘോഷ പരിപാടികൾ നടന്നു.