കിളിമാനൂർ: കേശവപുരം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലെ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ബ്ലോക്ക് പഞ്ചായത്ത് സമിതി. കൈയേറ്റം യഥാസമയം കണ്ടെത്തുകയോ കോൺട്രാക്ടർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിൽ അഴിമതിയുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് എ.എക്സ്.ഇക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചതായും പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അറിയിച്ചു. ആശുപത്രി മതിൽ പുനർനിർമ്മിക്കാതെ ഉദ്യോഗസ്ഥരും കരാറുകാരനും ഒത്തുകളിക്കുന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേശവപുരം സി.എച്ച്.സിയിൽ ചുറ്റുമതിൽ നിർമ്മാണത്തിന് 5 ലക്ഷം രൂപ ഫണ്ടനുവദിച്ചത്. ചുറ്റുമതിലില്ലാത്ത ഭാഗത്ത് അവ നിർമ്മിക്കാനും ആശുപത്രിക്ക് മുൻവശം ഇരിപ്പിടം ഒരുക്കുന്നതിനുമാണ് കരാർ നൽകിയത്. എന്നാൽ കരാറുകാരൻ പഴയ മതിൽ നിന്ന ഭാഗത്ത് നിന്ന് അകത്തേക്ക് മാറ്റി പുതിയത് നിർമ്മിക്കുകയും പഴയ മതിൽ ഇടിച്ചു നിരത്തുകയുമായിരുന്നു. ഇത് കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്നുള്ള ഒത്തുകളിയാണന്ന ആരോപണം ഉയരുകയും വിവിധ രാഷ്ടീയ പാർട്ടികൾ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കേരള കൗമുദി വാർത്ത നൽകിയതിനെ തുടർന്ന് ഇടിച്ച മതിൽ പുനർനിർമ്മിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. സർക്കാർ ഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തിയതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലത്രേ. കഴിഞ്ഞ ദിവസം കൂടിയ ബ്ലോക്ക് യോഗത്തിൽ എ.എക്സ്.ഇയുടെ നേതൃത്വത്തിൽ ചെയ്ത എല്ലാ ജോലികളെക്കുറിച്ചും വിജിലൻസ് അന്വേഷിക്കണമെന്നു തീരുമാനം എടുക്കുകയായിരുന്നു.