തിരുവനന്തപുരം: വള്ളക്കടവ്- ചാക്ക റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്. ജനങ്ങൾക്ക് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്റ്യം ഉറപ്പാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. അനധികൃത പാർക്കിംഗിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരുന്നതായി ശംഖുംമുഖം അസിസ്​റ്റന്റ് കമ്മിഷണർ കമ്മിഷനെ അറിയിച്ചു. പാർക്കിംഗ് പാടില്ലെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങളിലുള്ള സ്ഥാപനങ്ങൾക്ക് അവരുടെ കോമ്പൗണ്ടിൽ വാഹന പാർക്കിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. അനധികൃതമായി പാർക്കിംഗ് നടത്തുന്ന വാഹനങ്ങളിൽ സ്​റ്റിക്കർ പതിപ്പിച്ച് പിഴ ഈടാക്കും. അനധികൃത പാർക്കിംഗ് തടയുന്നതിന് പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.