തിരുവനന്തപുരം: ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കോൺഗ്രസിന് പൗരത്വ ഭേദഗതി നിയമത്തിൽ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് ഒളിച്ചുകളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് കാര്യങ്ങൾ ഒളിക്കാനുള്ളത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കുമാണ്. ഒളിച്ചുകളിയുടെ രാഷ്ട്രീയം തനിക്കറിയില്ല, തന്റേത് തെളിഞ്ഞ രാഷ്ട്രീയമാണ്. യഥാർത്ഥ ഫാസിസ്റ്റ് ആരാണെന്ന് അറിയണമെങ്കിൽ മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കിയാൽ മതി. 2014 , 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദി അധികാരത്തിലെത്താൻ സഹായിച്ചത് സി.പി.എമ്മിന്റെ നിലപാടാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതേതര ജനാധിപത്യ പാർട്ടികളുടെ സംഖ്യം തകർത്തത് കേരളത്തിൽ നിന്നുള്ള സി.പി.എമ്മിന്റെ പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ലക്ഷ്യം. ന്യൂനപക്ഷ വിഭാഗത്തിലെ രണ്ടു ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി അന്യായമായി തടങ്കിലിട്ടിരിക്കുകയാണ്. ഫാസിസത്തിന്റെ ബീഭത്സ മുഖങ്ങളായ നരേന്ദ്ര മോദിയെയും അമിത് ഷായെയും സംയുക്തസമര വേദിയിലോ കോഴിക്കോട് നടന്ന പരിപാടിയിലോ ശക്തമായി വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായില്ല. പൗരത്വ ഭേദഗതി നിയമത്തിൽ ഹിന്ദുക്കളുടെ വികാരം അറിയാൻ ഇന്റലിജൻസ് മേധാവിക്ക് നിർദ്ദേശം നൽകിയതിലൂടെ മുഖ്യമന്ത്രിയുടെ മൃദുഹിന്ദുത്വ സമീപനം തെളിഞ്ഞു.
മലപ്പുറം സഹകരണ ബാങ്കിന് കീഴിലെ സഹകരണ സംഘങ്ങളെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാർഹമാണ്. സഹകരണ മേഖലയുടെ അന്ത്യകൂദാശ നടത്തിയ ആരാച്ചാരാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.