flood

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് നൽകിയ അരിയുടെ പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രം വീണ്ടും രംഗത്ത്. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയിലൂടെ (എഫ്.സി.ഐ) അനുവദിച്ച 89,540 മെട്രിക് ടൺ അരിയുടെ വിലയായ 205.81 കോടി രൂപ നൽകാനാണ് നിർദ്ദേശം.
എത്രയും വേഗം പണം നൽകാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഫ്.സി.ഐ ജനറൽ മാനേജർ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്ക് കത്തയച്ചു. ദേ​ശീ​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് സംസ്ഥാനത്തെ തഴഞ്ഞതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രത്തിന്റെ ഉരുട്ടടിയുണ്ടായത്. കഴിഞ്ഞവർഷം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമുണ്ടായ നാശത്തിന് കേന്ദ്രം ഏഴ് സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപ അനുവദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

വെള്ളപൊക്ക ദുരിതാശ്വാസത്തിന് 2109 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ചുള്ള നിവേദനമാണ് സംസ്ഥാനം സമർപ്പിച്ചത്. നേരത്തെ ഇടക്കാല സഹായമായി 3,200 കോടി രൂപ നാല് സംസ്ഥാനങ്ങൾക്ക് നൽകിയപ്പോഴും കേരളത്തെ അവഗണിച്ചിരുന്നു. 2018ലെ പ്രളയസമയത്തും ആവശ്യമായ കേന്ദ്രസഹായം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.

എന്നാൽ എഫ്.സി.ഐ ചോദിച്ച പണം സംസ്ഥാന സർക്കാർ തത്കാലം നൽകില്ല. അടുത്ത മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ചചെയ്‌ത് കേന്ദ്രസർക്കാരിന് വിശദമായ കത്ത് നൽകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

കണക്കുകൾ ഇങ്ങനെ

 പ്രളയകാലത്ത് കേന്ദ്രം അനുവദിച്ച അരി - 89,540 മെട്രിക് ടൺ

 നൽകാനുള്ളത് - 205.81 കോടി രൂപ

 പ്രളയ ദുരിതാശ്വാസത്തിന് ഏഴ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത് - 5,908 കോടി രൂപ

 വെള്ളപൊക്ക ദുരിതാശ്വാസത്തിന് കേരളം ആവശ്യപ്പെട്ടത് - 2109 കോടി രൂപ