സൈന നെഹ്‌വാളിനും കെ. ശ്രീകാന്തിനും ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുക പ്രയാസകരം
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണിൽ ആദ്യം ഒളിമ്പിക് മെഡലിന്റെ തിളക്കമെത്തിച്ച സൈന നെഹ്‌വാളിന് ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ കഴിയുമോ?
താരത്തേയും ആരാധകരേയും ഒരുപോലെ ആശങ്കയിലാഴ്ചത്തുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ മലേഷ്യയിൽ മാസ്റ്റേഴ്സ് ടൂർണമെന്റോടെ തുടങ്ങിയ പുതിയ സീസണിൽ അതിഗംഭീര പ്രകടനം പുറത്തെടുത്തേ മതിയാകൂ. കഴിഞ്ഞ സീസണുകളിൽ തന്റെ നിലവാരത്തിനൊത്ത പ്രകടനത്തിലേക്ക് ഉയരാൻ കഴിയാത്തതാണ് നാലാം ഒളിമ്പിക്സ് എന്ന സൈനയുടെ സ്വപ്നത്തിന് മുന്നിൽ വിലങ്ങുതടിയായി നിൽക്കുന്നത്. പുരുഷ താരം കെ. ശ്രീകാന്തിന്റെയും കാര്യത്തിൽ ഇതുതന്നെയാണ് അവസ്ഥ.
അന്താരാഷ്ട്ര ബാഡ്മിന്റൺ റാങ്കിംഗും ഒളിമ്പിക് റാങ്കിംഗും അടിസ്ഥാനപ്പെടുത്തിയാണ് ഒളിമ്പിക്സിനുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നത്. 2019 ഏപ്രിൽ 29 മുതൽ 2020 ഏപ്രിൽ 26 വരെയുള്ള കാലയളവിലെ പ്രകടനമാണ് റാങ്കിംഗിന് പരിഗണിക്കുന്നത്. 2020 ഏ പ്രിൽ 30നാണ് ഒളിമ്പിക് മത്സരത്തിന്റെ സീഡിംഗും ഫിക്സ്‌ചറും പ്രഖ്യാപിക്കുന്നത്.
ഏപ്രിൽ 26ന് പുറത്തിറക്കുന്ന റാങ്ക് പട്ടികയിൽ ആദ്യ 16 സ്ഥാനത്തിനുള്ളിൽ എത്തുന്ന രണ്ട് പേരെയാണ് ഓരോരാജ്യത്തിനും ഒളിമ്പിക്സിന് അയയ്ക്കാൻ കഴിയുന്നത്. നിലവിൽ വനിതാതാരം പി.വി. സിന്ധു, പുരുഷ സിംഗിൾസ് താരം സായ് പ്രണീത്, പുരുഷ ഡബിൾ സഖ്യം സാത്‌വിക് സായ്‌രാജ് റാൻകി റെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം എന്നിവർ മാത്രമാണ് ആദ്യ 16 റാങ്കിനുള്ളിലുള്ളത്.
സിന്ധു ബി.ഡബ്ളി.യു.എഫ് റാങ്ക് പട്ടികയിലും ഒളിമ്പിക് റാങ്ക് പട്ടികയിലും ആറാം സ്ഥാനത്താണ്. സായ് പ്രണീത് ലോക റാങ്കിംഗിൽ 11-ാം സ്ഥാനത്തും ഒളിമ്പിക് റാങ്കിംഗിൽ ഒൻപതാം സ്ഥാനത്തും.
അതേസമയം സൈന നെഹ്‌വാൾ ലോക റാങ്കിംഗിൽ 11-ാം സ്ഥാനത്താണെങ്കിലും ഒളിമ്പിക് റാങ്കിംഗിൽ 25-ാം സ്ഥാനത്താണ്. ലോക റാങ്കിംഗിന് പരിഗണിക്കുന്ന എല്ലാ ടൂർണമെന്റുകളും ഒളിമ്പിക് റാങ്കിംഗിന് പരിഗണിക്കില്ല എന്നതാണ് കാരണം. ലോക റാങ്കിംഗിൽ 12-ാം സ്ഥാനത്തുള്ള കെ. ശ്രീകാന്ത് ഒളിമ്പിക് റാങ്കിംഗിൽ 24-ാം സ്ഥാനത്താണ്.
റാങ്കിംഗിന്റെ കട്ട് ഒഫ് ഡേറ്റായ 26ന് അകം ഇനി 10 ടൂർണമെന്റുകളാണുള്ളത്. ഇതിൽ ആറെണ്ണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് റാങ്കിംഗ് പോയിന്റ് വർദ്ധിക്കുകയുള്ളൂ. ആറ് പ്രധാന ടൂർണമെന്റുകളിൽ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിവയിലെത്തിയാൽ സൈനയ്ക്കും ശ്രീകാന്തിനും ആദ്യ 16 സ്ഥാനത്തിനുള്ളിലെത്താം.
സൈനയ്ക്കും ശ്രീകാന്തിനും 2019 ഓർമ്മിക്കാൻ അത്ര സുഖമുള്ള ഓർമ്മകളല്ല നൽകിയത്. 16 ടൂർണമെന്റുകളിൽ മത്സരിച്ച സൈന 2019 ജനുവരിയിൽ ഇന്തോനേഷ്യ മാസ്റ്റേഴ്സിൽ കിരീടം നേടിയതൊഴിച്ചാൽ പിന്നെല്ലാം നിരാശാജനകമായിരുന്നു. ഏഴ് ടൂർണമെന്റുകളിൽ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ ഒരു തവണ രണ്ടാം റൗണ്ടിൽ പുറത്തായി. ബാക്കി ആറ് തവണമാത്രമാണ് ക്വാർട്ടറിന് അപ്പുറത്തേക്ക് പോകാനായത്.
ശ്രീകാന്തും 16 ടൂർണമെന്റുകളിൽ പങ്കെടുത്തു. നാല് തവണ ആദ്യ റൗണ്ടിൽ പുറത്തായി. മൂന്ന് രണ്ടാം റൗണ്ട് പുറത്താകലുകൾ ഏഴ് തവണ ക്വാർട്ടർ ഫൈനൽ. ഒരു ഫൈനൽ തോൽവി എന്നിങ്ങനെയായിരുന്നു കളിക്കണക്ക്.
ഒളിമ്പിക് ക്വാളിഫിക്കേഷൻ മനസിലിട്ടാണ് ഈ സീസണിൽ കളിക്കാനിറങ്ങുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മെഡൽ നേടുകയെന്നത് വലിയ സ്വപ്നമാണ്. അതിനായി കഠിന പരിശ്രമം നടത്തും.
സൈന നെഹ്‌വാൾ
3
ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് സൈന. 2012ൽ വെങ്കലം നേടി.
2008
ഒളിമ്പിക്സിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരമായി റെക്കാഡിട്ട സൈന ബെയ്ജിംഗിലെ ക്വാർട്ടർ പോരാട്ടത്തിൽ മരിയ ക്രിസ്റ്റിൻ യൂലിയാന്റിയോട് തോറ്റ് മടങ്ങി.
2012
വെങ്കലത്തിനായുള്ള മത്സരത്തിൽ എതിരാളി ചൈനയുടെച വാംഗ് ഷിൻ പരിക്കേറ്റ് പിൻമാറിയത് സൈനയ്ക്ക് മെഡൽ നേട്ടം എളുപ്പമാക്കി.
2016
റിയോയിൽ രണ്ടാം റൗണ്ടിൽ രത്ചിനോക്ക് ഇന്താനോണിന് 28-26, 21-16 എന്ന സ്കോറിന് തോറ്റ് പുറത്തായി.
സൈന നെഹ്‌വാൾ
ലോ റാങ്കിംഗ് 11
ഒളിമ്പിക് റാങ്കിംഗ് 25
പി.വി. സിന്ധു
ലോക റാങ്കിംഗ് 6
ഒളിമ്പിക് റാങ്കിംഗ് 6
കെ. ശ്രീകാന്ത്
ലോക റാങ്കിംഗ് 12
ഒളിമ്പിക് റാങ്കിംഗ് 24
സായ് പ്രണീത്
ലോക റാങ്കിംഗ് 11
ഒളിമ്പിക് റാങ്കിംഗ് 9