തിരുവനന്തപുരം: നമ്മുടെ ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറുമൊന്നും ഇനി ചില്ലറക്കാരല്ല. നേരെ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുകയാണ്. ഐ.എസ്.ആർ.ഒയുടെ ഗഗൻയാന്റെ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന യാത്രക്കാരുടെ ഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെ ഇടംപിടിച്ച് കഴിഞ്ഞു.
പുലാവ്, എഗ്റോൾ, ഹൽവയും വെജ് റോൾ എന്നിവ ഉൾപ്പെടെ 21 ഓളം ഭക്ഷണങ്ങൾ മെനുവിലുണ്ട്.
മൈസൂരിലെ ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷണത്തിന്റെ ചേരുവയിൽ വ്യത്യാസമുണ്ടാകും. ബഹിരാകാശത്തു വച്ച് ചൂടാക്കി കഴിക്കാവുന്ന തരത്തിലുള്ള ഭക്ഷണം പ്രത്യേക തരത്തിലുള്ള കണ്ടെയ്നറിൽ അടച്ചാകും സൂക്ഷിക്കുക. ഭക്ഷണം സൂക്ഷിക്കാനുള്ള പ്രത്യേക പാത്രങ്ങളും ചൂടാക്കി കഴിക്കാനുള്ള ഹീറ്റർ സംവിധാനങ്ങളും ലബോറട്ടറി ഒരുക്കുന്നുണ്ട്. ബഹിരാകാശത്ത് ഭൂഗുരുത്വാകർഷണമില്ലാത്ത സാഹചര്യത്തിൽ വെള്ളം കുടിക്കാനാണ് പ്രയാസം. ഇതിന് കഴിയുന്ന പ്രത്യേക പാത്രങ്ങളും ലാബിൽ തയ്യാറാക്കും. ജനുവരി 21ന് ശേഷമാണ് ഇന്ത്യൻ യാത്രികർ പരിശീലനത്തിനായി റഷ്യയിലേക്ക് പോകുന്നത്. അവർക്കൊപ്പം ഭക്ഷണ വസ്തുക്കളും കൊണ്ടുപോകും. പരിശീലനകാലത്ത് അവർ ഇൗ ഭക്ഷണം കഴിച്ച് ശീലിക്കും.
പരീക്ഷണങ്ങൾ ഈ മാസം തുടങ്ങും
നാലുപേരെയാണ് ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ വ്യോമസേനയിലെ അംഗങ്ങളാണെന്നാണ് സൂചന. ഇൗ വർഷം അവസാനം ആളില്ലാത്ത ട്രയൽ വിക്ഷേപണം നടക്കും. അടുത്ത വർഷമായിരിക്കും ഗഗൻയാൻ പദ്ധതി നട്ടപ്പാക്കുന്നത്. ഗഗൻയാനിന് മുന്നോടിയായുള്ള ആകാശപരീക്ഷണങ്ങൾക്ക് ഇൗ മാസം തുടക്കമാകും. അഞ്ച് മുതൽ ഏഴ് ദിവസം വരെയാണ് യാത്രികർ ബഹിരാകാശത്ത് തങ്ങുക. അതിന് ശേഷം ഭൂമിയിലേക്ക് തിരിച്ചുവരും. ഇന്ത്യ ആദ്യമായാണ് ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ദൗത്യം ഏറ്റെടുക്കുന്നത്. പതിനായിരം കോടി രൂപയാണ് ചെലവ്.