health

ലോകത്ത് ഏറ്റവും വ്യാപകമായ ജന്തുജന്യരോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. സ്പൈറോക്കീറ്റാ വിഭാഗത്തിലെ ലെപ്റ്റോസ്പൈറോ ജനുസിൽപ്പെട്ട ഒരുതരം ബാക്ടീരിയയാണ് ഇതിന് കാരണമായ രോഗാണു. 240ൽ പ്പരം ആന്റിജൻ തരങ്ങളുള്ള ഇവയുടെ ചില തരങ്ങൾ വളരെ മാരകശേഷിയുള്ള രോഗങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നു. പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ലാതെയുള്ള രോഗാണുബാധ മുതൽ വളരെ മാരകമായ വീൽസ് ഡിസീസ് വരെ ഉണ്ടാക്കാവുന്ന വളരെ വ്യത്യസ്തമായ രോഗാവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഏത് കശേരുക്കളിലും ഇത് ഉണ്ടാകുമെങ്കിലും എലി വർഗങ്ങളിൽ നിന്നാണ് പലപ്പോഴും മനുഷ്യരിലേക്ക് പകരുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള ശീതോഷ്ണ ഭൂപ്രദേശങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഒറീസ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, ആന്ധ്രാപ്രദേശ്, നിക്കോബാർ ദ്വീപ സമൂഹങ്ങൾ എന്നിവിടങ്ങളിൽ ഇത് കൂടുതലായി കണ്ടുവരുന്നു. മഴക്കാലവും അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന വെള്ളപ്പൊക്കവുമാണ് പലപ്പോഴും രോഗം പടർന്നുപിടിക്കുന്നതിന് സഹായകമാകുന്നത്. കർഷകരെയും മൃഗസംരക്ഷകരെയും അധികമായി ബാധിക്കുന്ന രോഗം ആരെയും ഏതവസരത്തിലും ബാധിക്കാം.അതിനാൽ ഇത്തരക്കാർ കൂടുതൽ ശ്രദ്ധിക്കണം.

രോഗസ്രോതസ്

രോഗാണു ബാധിതയായ മൃഗത്തിന്റെ (നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ എലിവർഗത്തിൽപ്പെട്ട ജന്തുക്കൾ) മൂത്രം വഴിയാണ് രോഗാണുക്കൾ പുറത്ത് വരുന്നത്. മൃഗത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവണമെന്നില്ല. മാത്രമല്ല അതിന്റെ ജീവിതകാലം മുഴുവൻ രോഗാണു വന്നുകൊണ്ടേയിരിക്കും. വളർത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഇത് ഇത്തരം ജന്തുക്കളിൽ രോഗസ്രോതസായി നിലകൊള്ളും. എലി, മൈസ്, കന്നുകാലി വർഗങ്ങൾ, ആട്, പന്നി, പോത്ത്, കുതിര, പട്ടി, പൂച്ച തുടങ്ങിയവയാണ് ഇവ ബാധിക്കുന്ന പ്രധാന മൃഗങ്ങൾ. 160 ലോറെ കശേരുക്കളെ ബാധിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള ഇവയിൽ നിന്നുമാണ് മനുഷ്യനെ ബാധിക്കുന്നത്.

രോഗവ്യാപനം

കുട്ടികളിലാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. പട്ടികളിൽ നിന്നോ വളർത്ത് പൂച്ചകളിൽ നിന്നോ ആകാം. കർഷകൻ, കന്നുകാലി പരിപാലകർ, ഓടയിൽ പണിയെടുക്കുന്നവർ തുടങ്ങിയവർക്ക് രോഗബാധിത സാദ്ധ്യ കൂടുതലാണ്. രോഗബാധിത മൃഗങ്ങളുടെ മൂത്രത്താൽ ദൂഷിതമായ ചുറ്റുപാടിൽ നിന്ന് തൊലിയിലെ ചെറിയ മുറിവിൽ കൂടിയോ ശ്ളേഷ്മ സ്തരത്തിൽ കൂടി നേരിട്ടോ രോഗാണു മനുഷ്യരിൽ നേരിട്ട് പ്രവേശിക്കാം. കൂടുതൽ നേരം വെള്ളത്തിൽ ജോലി ചെയ്യുമ്പോൾ നനഞ്ഞ് കുതിർന്ന ത്വക്ക് വഴിയും അപൂർവമായി കറവക്കാരിൽ ശ്വാസകോശം വഴിയും രോഗം പിടിപെടാം. നീന്തൽ പരിശീലകർക്കും മത്സ്യത്തൊഴിലാളികൾക്കും വെള്ളത്തിൽ നിന്ന് രോഗം ബാധിക്കാം. രോഗബാധിത ജന്തുവിന്റെ മൂത്രത്താൽ മലിനമായ ആഹാരം ഭക്ഷിക്കുകവഴിയും രോഗം പിടിപെടാം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രണ്ട് മുതൽ 26 ദിവസം വരെ രോഗസുഷുപ്താവസ്ഥ നീളാം.

തൊണ്ടവേദനയും ചുവപ്പുനിറവും സൂക്ഷിച്ചോളൂ.. അതേക്കുറിച്ച് നാളെ

ഡോ.കെ.വേണുഗോപാൽ
സീനിയർ കസൾട്ടന്റ്,
ശ്രീ മംഗലം, പഴവീട്,
ആലപ്പുഴ. പിൻ: 688009.
ഫോൺ: 9447162224.