kerala-bank
photo

തിരുവനന്തപുരം: മന്ത്രിസഭായോഗം അംഗീകരിച്ച സഹകരണനിയമ ഭേദഗതി ഓർഡിനൻസ് വരുന്നതോടെ, കേരള ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാസഹകരണ ബാങ്ക് മൂന്ന് മാസത്തിന് ശേഷം സ്വാഭാവികമായി കേരളബാങ്കിന്റെ ഭാഗമാകും.

അതേസമയം, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗവർണർ ആരിഫ് മുഹമ്മദ്ഖാനോട് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ ബാങ്കിന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യു.ഡി.എഫ് നേതാക്കളാണ് കോടതിയെ സമീപിച്ചത്.

കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായി 13 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ചപ്പോഴും മലപ്പുറം ബാങ്ക് വിട്ടുനിൽക്കുകയായിരുന്നു. ഇവിടെ ലയന പ്രമേയത്തിന് അംഗീകാരം ലഭിച്ചിരുന്നില്ല. ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാൻ തീരുമാനിച്ചതിനാൽ ഈ സർക്കാർ വന്ന ശേഷം ജില്ലാ ബാങ്കുകളിൽ ഭരണസമിതി തിരഞ്ഞെടുപ്പു നടത്തിയിരുന്നില്ല. മലപ്പുറം ബാങ്ക് മാത്രം വിട്ടുനിന്നതിനാൽ അതിനു ഭരണസമിതിയെ തിരഞ്ഞെടുക്കാൻ അവകാശം ഉണ്ടെന്നു കാണിച്ചാണ് സഹകാരികൾ കോടതിയെ സമീപിച്ചത്. മലപ്പുറം ബാങ്കിനെ ഏതുവിധേനെയും ലയിപ്പിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള കോടതിവിധി വന്നത്. ഇതു തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണിപ്പോൾ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.