കിവീസിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് 549 റൺസ് അടിച്ചുകൂട്ടി ആസ്ട്രേലിയൻ ബാറ്റിംഗ് സെൻസേഷൻ മാർനസ് ലബുഷാംഗെ
സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും മാത്രമല്ല ആസ്ട്രേലിയൻ ടെസ്റ്റ് ബാറ്റിംഗ് നിരയിലെ പേടി സ്വപ്നങ്ങൾ എന്ന് ന്യൂസിലൻഡുകൾ തിരിച്ചറിഞ്ഞപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു. ട്രാൻസ്‌മാനിയൻ ട്രോഫിയിലെ മൂന്ന് ടെസ്റ്റുകളിലും കിവികൾ തോറ്റു തുന്നം പാടിയതിന് പിന്നിൽ മാർനസ് ലബുഷാംഗെ എന്ന 26 കാരനായ വലം കൈയൻ ബാറ്റ്‌സ്‌മാന്റെ അതിഗംഭീര പ്രകടനവുമുണ്ടായിരുന്നു.
2018 ഒക്ടോബറിൽ പാകിസ്ഥാനെതിരെ ദുബായ്‌യിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലബുഷാംഗെ ഇതുവരെ കളിച്ച 14 മത്സരങ്ങളിലെ 23 ഇന്നിംഗ്സുകളിൽ നിന്ന് അടിച്ചു കൂട്ടിയിരിക്കുന്നത് 1459 റൺസാണ്. ഇതിൽ നാല് സെഞ്ച്വറികളും എട്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.
പെർത്തിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സുമുതൽ മാർനസിന്റെ ബാറ്റിന്റെ ചൂട് കിവികൾ അറിഞ്ഞുതുടങ്ങിയിരുന്നു. പെർത്തിലെ ആദ്യ ഇന്നിംഗ്സിൽ 143 റൺസും രണ്ടാം ഇന്നിംഗ്സിൽ 50 റൺസുമാണ് നേടിയത്. മെൽബണിലെ രണ്ടാം ടെസ്റ്റിൽ 63, 19 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. സിഡ്നിയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ കരിയർ ബെസ്റ്റായ 215 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ 59 റൺസ്. ലെഗ് ബ്രേക്ക് ബൗളർ കൂടിയായ മാർനസ് പരമ്പരയിൽ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ സിഡ്നി ടെസ്റ്റിലെയും പരമ്പരയിലെയും മികച്ച തിരത്തിനുള്ള പുരസ്കാരങ്ങളും ഈ ക്വീൻസ്‌ലാൻഡുകാരനെ തേടിയെത്തി.
1249
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻസിലെ ഏറ്റവും ഉയർന്ന റൺ സ്കോൻ മാർനസാണ്. ഒൻപത് മത്സരങ്ങളിൽ നിന്ന് 1249 റൺസാണ് മാർനസ് നേടിയത്.
4
സെഞ്ച്വറികളാണ് മാർനസ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ നിന്ന് നേടിയത്. ഏഴ് അർദ്ധ സെഞ്ച്വറികളും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്
ടോപ് ബാറ്റ്‌സ്‌മാൻമാർ 1
(താരം മത്സരം റൺസ്)
മാർനസ് ലബുഷാംഗെ 9 - 1249.
സ്റ്റീവ് സ്മിത്ത് 9 - 1028
ഡേവിഡ് വാർണർ 10 - 881
മായാങ്ക് അഗർവാൾ 7 - 677
രഹാനെ 7- 624
മാർനസിന്റെ കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിംഗ്സുകൾ
48, 14,185, 162, 143, 50, 63, 19, 215, 59
ആസ്ട്രേലിയയുടെ കഴിഞ്ഞ അഞ്ച് ടെസ്റ്റുകളിൽ മൂന്നിലും മാൻ ഒഫ് ദ മാച്ചായത് മാർനസ് ലബുഷാംഗെ
കരിയറിലെ ആദ്യ ടെസ്റ്റ് ഡബിൾ സെഞ്ച്വറിയാണ് സിഡ്നിയിൽ നേടിയത്.
1104
2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികച്ച ഏക ബാറ്റ്‌സ്‌മാൻ മാർനസ് ലബുഷാംഗെയാണ്.
അരികിലെത്തി ഓസീസ്
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി ആസ്ട്രേലിയ. കിവീസിനെതിരായ പരമ്പര വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് ഓസിസിന് 296 പോയിന്റായി. ഏഴ് മത്സരങ്ങളിൽ നിന്ന് 360 പോയിന്റുമായാണ് ഇന്ത്യ ഒന്നാമതുള്ളത്.
''ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ കളിക്കാൻ കാത്തിരിക്കുകയാണ്. ഇന്ത്യൻ ടീമിനെ ഇന്ത്യയിൽ വച്ച് നേരിടുക എന്ന ഏതൊരു ബാറ്റ്‌സ്‌മാനും കടുത്ത വെല്ലുവിളിയാണ്.''
മാർനസ് ലബുഷാംഗെ.