e-chandrasekharan

തിരുവനന്തതപുരം: ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം ലഭിച്ചതിനാൽ കേരളത്തിന് പ്രളയ ദുരിതാശ്വാസം കിട്ടില്ലെന്ന് അർത്ഥമില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. 2019ലെ പ്രളയക്കെടുതിയിൽ കേരളം 2109 കോടി രൂപയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ ഇന്റർ മിനിസ്റ്റീരിയൽ ടീം കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും റിപ്പോർട്ട് കേന്ദ്രത്തിന് നൽകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചതിൽ കേരളത്തിന് കിട്ടിയില്ല എന്നത് ശരിയാണ്. എന്നാൽ രേഖാമൂലം കേരളത്തിന് മറിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. കേരളത്തിന് സഹായം നിഷേധിച്ചു എന്നു പറയാറായിട്ടില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. ദുരിതകാലത്ത് 89,540 മെട്രിക് ടൺ അരി വിതരണം ചെയ്ത വകയിൽ 205 കോടി നൽകണമെന്ന് എഫ്.സി.ഐയുടെ കത്ത് കിട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ നേരത്തെ മറുപടി നൽകിയതാണ്. പുതിയ കത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും.

2018ലെ പ്രളയത്തിൽ ഇവിടെ 488 പേർ മരിച്ചപ്പോൾ 4700 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അന്ന് കേന്ദ്രം 3048.39 കോടി രൂപ തന്നു. ഇതുകൂടാതെ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് കേന്ദ്രവിഹിതമായ 75 ശതമാനമാണ് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് നൽകുകയെന്നും മന്ത്രി പറഞ്ഞു.