തിരുവനന്തപുരം: 'ഒന്നേകാൽ കോടി ഒപ്പിക്കാമോ?. പ്രൊഫസർ നിയമനം ഉറപ്പ്. അസോസിയേറ്റ് പ്രൊഫസറോ അസിസ്റ്റന്റ് പ്രൊഫസറോ ആയാൽ മതിയെങ്കിൽ തുക കുറയും.' കാലിക്കറ്റ് സർവകലാശാലയിലെ 116 അദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കാണ് ഈ ലേലം വിളി.
ഒഴിവുകൾ ഇങ്ങനെ: പ്രൊഫസർ-24, അസോസിയേറ്റ് പ്രൊഫസർ-29, അസി.പ്രൊഫസർ-63. ഒാരോ തസ്തികയുടെയും കിട്ടുന്ന ശമ്പളത്തിന്റെയും വലിപ്പമനുസരിച്ച് 60 ലക്ഷം മുതൽ 1.25 കോടി വരെ നൽകിയാൽ ജോലി ഉറപ്പാണെന്ന വാഗ്ദാനവുമായി ഏജന്റുമാർ രംഗത്തെത്തിക്കഴിഞ്ഞതായി ആക്ഷേപമുയരുന്നു. സർവകലാശാലയിലെ 24 പഠന വകുപ്പുകളിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിന് സംവരണ തസ്തികകൾ ഏതാണെന്ന് വ്യക്തമാക്കാതെ വിജ്ഞാപനമിറക്കിയതും വിവാദമായിട്ടുണ്ട്. ഒഴിവുള്ള ഓപ്പൺ, സംവരണ തസ്തികകൾ ഏതൊക്കെയെന്ന് പറയാതെ മൊത്തത്തിൽ അവ്യക്തതയുണ്ടാക്കി വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ ശ്രമമെന്നാണ് ആക്ഷേപം.
പി.എസ്.സി മാതൃകയിൽ സംവരണ തസ്തിക ഏതാണെന്ന് വിജ്ഞാപനത്തിൽ പറയാതെ നിയമനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് കാലിക്കറ്റ് വി.സിയുടെ ചുമതലയുള്ള മലയാളം സർവകലാശാല വി.സി അനിൽ വള്ളത്തോൾ പറയുന്നത്. നിയമന സമയത്തു മാത്രമേ സംവരണതസ്തിക ഏതെന്ന് വെളിപ്പെടുത്താവൂ എന്നാണ് സ്റ്റാൻഡിംഗ് കോൺസൽ അറിയിച്ചതെന്നും വി.സി പറഞ്ഞു. എന്നാൽ, മറ്റ് സർവകലാശാലകളിലേത് പോലെ സംവരണത്തിന് നയമുണ്ടാക്കി സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യണമെന്ന് മാത്രമാണ് ഹൈക്കോടതി നിർദ്ദേശിച്ചതെന്ന് സിൻഡിക്കേറ്റംഗം റഷീദ് അഹമ്മദ് പറഞ്ഞു. പി.എസ്.സിയെ ബാധിക്കുന്ന കാര്യമാണ് ഹൈക്കോടതി പറഞ്ഞത്. അദ്ധ്യാപക നിയമനം സർവകലാശാല നേരിട്ടാണ് നടത്തുന്നത്. ഓപ്പൺ, സംവരണ തസ്തികകൾ അറിയാതെ ഉദ്യോഗാർത്ഥികൾ എല്ലാ തസ്തികകളിലും അപേക്ഷിക്കേണ്ടിവരുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഴിവുകൾ ഒറ്റ യൂണിറ്റാക്കണം
എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ ഒറ്റ യൂണിറ്റാക്കി സംവരണം പാലിച്ച് നിയമനം നടത്തുകയാണ് മറ്റ് സർവകലാശാലകൾ ചെയ്യുന്നത്. ഓരോ വകുപ്പിലെയും ഒഴിവുകളിൽ നിയമനം നടത്താനും, സംവരണരീതി മാറ്റിമറിക്കാനും കേരള സർവകലാശാലയിൽ നടത്തിയ ശ്രമം അന്നത്തെ വൈസ്ചാൻസലർ ഡോ.പി.കെ.രാധാകൃഷ്‌ണൻ പൊളിച്ചടുക്കിയിരുന്നു. പ്രൊഫസർ, അസോ.പ്രൊഫസർ, അസി.പ്രൊഫസർ തുടങ്ങിയ 105 തസ്തികകളിൽ 57എണ്ണം സംവരണ വിഭാഗത്തിലാക്കി വിജ്ഞാപനമിറക്കി. എന്നാൽ, കാലിക്കറ്റിൽ ഒരു തസ്തിക പോലും സംവരണ വിഭാഗങ്ങൾക്ക് നീക്കിവച്ചിട്ടില്ല.
സംശയാസ്പദം ആ ഫയൽ
കാലിക്കറ്റിൽ എല്ലാ ഫയലുകളും ഡി.ഡി.എഫ്.എസ് എന്നപേരിലുള്ള ഇ-ഫയലുകളാണ്. ഇവയിൽ തിരുത്തലുകൾ സാദ്ധ്യമല്ല. അദ്ധ്യാപക നിയമന ഫയൽ മാത്രം മാന്വലാണ്. ഫയൽക്കെട്ട് ആരുടെ പക്കലാണെന്ന് വ്യക്തമല്ല.