ganguly-on-pant
ganguly on pant

''ഋഷഭ് പന്ത് സ്പെഷ്യൽ ടാലന്റ്, സെലക്ഷൻ കാര്യങ്ങൾ സെലക്ടർമാർക്ക് വിട്ടേക്കുക''

ന്യൂഡൽഹി :ഫോം കണ്ടെത്താനാകാതെ വിമർശനങ്ങൾ നേരിട്ടിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പറായി തുടരുന്ന ഋഷഭ് പന്തിന് പിന്തുണയുമായി ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലി.

ഋഷഭ് പന്ത് പ്രത്യേക കഴിവുള്ള കളിക്കാരനാണെന്നും നന്നായി കളിച്ചു തുടങ്ങിയാൽ മറ്റാരേക്കാൾ കേമനാണെന്നും ഗാംഗാലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെയും വിൻഡീസിനെതിരെ നടന്ന രണ്ട് മത്സരങ്ങളലെയും ഋഷഭിന്റെ പ്രകടനം ഗാംഗുലി ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അതേ സമയം ഋഷഭ് പന്തിനെ തുടർച്ചയായി ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഗാംഗുലി ഒഴിഞ്ഞുമാറി. സെലക്ഷൻ കാര്യങ്ങൾ സെലക്ടർമാരുടെ പൂർണ ഉത്തരവാദിത്വമാണെന്നും അതിൽ മറ്റാരും ഇടപെടുന്നത് ശരിയല്ലെന്നും സൗരവ് പറഞ്ഞു.

മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലിനെക്കുറച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഗാംഗുലി ഒഴിഞ്ഞുമാറി. ധോണി തന്റെ ഭാവിയെപ്പറ്റി ടീം മാനേജ്മെന്റുമായി ഇതിനകം തന്നെ സംസാരിച്ചിട്ടുണ്ടാകുമെന്നും കളിക്കളത്തിൽ തുടരണമോ വിരമിക്കണമോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ധോണിയെപ്പോലൊരു കളിക്കാരന് ഉണ്ടെന്നും ഗാംഗുലി പറഞ്ഞു. കളിക്കാരുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ ഇടപെടാൽ താൻ ഇല്ലെന്നും മുൻ നായകൻ അറിയിച്ചു.

അതേസമയം ഈഡൻ ഗാർഡൻസിൽ ആദ്യമായി നടന്ന പിങ്ക് ബാൾടെസ്റ്റ് വൻ വിജയമായിരുന്നുവെന്നും ഭാവിയിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റുകൾ പതിവാകുമെന്നും ഗാംഗുലി പറഞ്ഞു.