മുംബയ് : രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ യുവ ഓപ്പണിംഗ് ബാറ്റ്‌സ്‌മാൻ പൃഥ്വിഷാ ഈ മാസം തുടങ്ങുന്ന ഇന്ത്യൻ എ ടീമിന്റെ കിവീസ് പര്യടനത്തിൽ കളിക്കാൻ സാദ്ധ്യത കുറവാണെന്ന് ഡോക്ടർമാർ മൂന്നാഴ്ചത്തെ വിശ്രമമാണ് പൃഥ്വിക്ക് വിധിച്ചിരിക്കുന്നത്. എ ടീമിനുവേണ്ടി ന്യൂസിലൻഡുമായി കളിച്ച് സാഹചര്യങ്ങളുമായി ഇണങ്ങിയ ശേഷം സീനിയർ ടീമിനൊപ്പം കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പൃഥ്വിയെ ഉൾപ്പെടുത്താനായിരുന്നു സെലക്ടർമാരുടെ പദ്ധതി. കഴിഞ്ഞ വർഷം ആസ്ട്രേലിയൻ പര്യടനത്തിന് തൊട്ടു മുമ്പ് പരിക്കേറ്റ് മടങ്ങിയിരുന്ന ഷാ ഉത്തേജക മരുന്നടിക്ക് കുടുങ്ങിയതിന്റെ വിലക്കും കഴിഞ്ഞ് ആഭ്യന്തര ക്രിക്കറ്റിലൂടെ മടങ്ങിവന്നതിന്റെ പിന്നാലെയാണ് അടുത്ത പരിക്ക്.
ഇന്ത്യയിലേക്ക് ലാംഗർ ഇല്ല
സിഡ്നി : ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലൻ ജസ്റ്റിൻലാംഗർ ഇന്ത്യൻ പര്യടനത്തിൽ ടീമിനൊപ്പം ഉണ്ടാവില്ല. കുടുംബവുമായി സമയം ചെലവഴിക്കാനാണ് ലാംഗർ ഈ മാസം നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽനിന്ന് മാറി നിൽക്കുന്നത്. ഇന്ത്യൻ പര്യടനത്തിൽ സഹപരിശീലകൻ ആൻഡ്രൂ മക് ഡൊണാൾഡിനായിരിക്കും ടീമിന്റെ ചുമതലയെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.
റോയ് ബേൺസിന് നാലുമാസം നഷ്ടമാകും
കേപ്‌ടൂൺ : ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പരിശീലനത്തിന്റെ ഭാഗമായി ഫുട്‌ബാൾ കളിക്കുന്നതിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ് ഇംഗ്ളണ്ട് ബാറ്റ്‌സ്‌മാൻ റോയ്ബേൺസിന് നാലു മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന് മുമ്പാണ് ബേൺസിന് പരിക്കേറ്റത്. മാർച്ചിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിലും താരത്തിന് കളിക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം ബേൺസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
സെറീനയ്ക്ക് വിജയം
ഓക്‌ലാൻഡ് : മുൻ ലോക ഒന്നാം നമ്പർവനിതാ ടെന്നിസ് താരം സെറീന വില്യംസിന് പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ വിജയം. ഓക്‌ലാൻഡ് ഓപ്പണിന്റെ ഒന്നാം റൗണ്ടിൽ കാമില ജോർജിയ 6-3, 6-2 നാണ് സെറീന തോൽപ്പിച്ചത്.
നാലു ദിവസ ടെസ്റ്റ് വേണ്ടെന്ന് സച്ചിൻ
ന്യൂഡൽഹി : പരമ്പരാഗതമായ പഞ്ച ദിന ടെസ്റ്റ് മത്സരങ്ങൾ നാലു ദിവസമായി കുറയ്ക്കാനുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പദ്ധതിക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. 143 വർഷത്തെ പാരമ്പര്യമുള്ള ടെസ്റ്റിനു മേൽ കൈവയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്ന് സച്ചിൻ ചൂണ്ടിക്കാട്ടി. ഏകദിനത്തെയും ട്വന്റി - 20യെയും പോലെ ടെസ്റ്റിനെയും പരിഷ്കരിക്കുന്നത് ശരിയല്ലെന്ന് റിക്കിപോണ്ടിംഗ്, വിരാട് കൊഹ്‌ലി, ജസ്റ്റിൻ ലാംഗർ, നഥാൻ ലിയോൺ തുടങ്ങിയവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇന്നലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സി നീക്കത്തെ അനുകൂലിച്ച് രംഗത്തുവന്നു.