തിരുവനന്തപുരം: ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസ് ഉത്സവത്തിന് 27ന് കൊടിയേറും. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജമാ അത്ത് ഭാരവാഹികൾ അറിയിച്ചു. 27ന് രാവിലെ 8ന് ബീമാപള്ളി ഇമാം സബീർഖാൻ സഖാഫിയുടെ ദു:ആ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് നടത്തുന്ന വർണശബളമായ പട്ടണപ്രക്ഷിണം ബീമാപള്ളിയിൽ നിന്നാരംഭിച്ച് ജോനക പൂന്തുറ, മാണിക്യവിളാകം വഴി ബീമാപള്ളിയിൽ തിരിച്ചെത്തും. രാവിലെ 10.30ന് സയ്യിദ് വി.പി.എ അബ്ദുൾ റഹ്മാൻ,​ ആറ്റക്കോയ തങ്ങൾ ദാരിമി എന്നിവരുടെ നേതൃത്വത്തിൽ ദു:ആ പ്രാർത്ഥന.ബീമാപള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് എം.മുഹമ്മദ് ഇസ്മത്ത് പതാകയുയർത്തും. 27 മുതൽ ദിവസവും രാത്രി 7 മുതൽ മൗലൂദ്, മുനാജാത്ത്, റാത്തീബ് എന്നിവയും രാത്രി 9.30 ന് മതപ്രസംഗവും നടക്കും.
27ന് രാത്രി 9.30ന് മുനീർ ഹൂദവിയുടെ മതപ്രസംഗം. 28ന് ഓണംപള്ളി മുഹമ്മദ് ഫൈസിയും 29ന് അസയ്യിദ് മൂത്തക്കോയ തങ്ങൾ ബാഖവിയും 30ന് നവാസ് മന്നാനി പനവൂരും 31ന് ഡോ.ദേവർശോല അബ്ദുൾ സലാം മുസലിയാരും ഫെബ്രുവരി ഒന്നിന് റഫീഖ് അഹ്സനിയും രണ്ടിന് നൗഫൽ സഖാഫിയും മൂന്നിന് അൽഹാജ് ഹസൻ അഷ്രഫി ഫാളിൽ ബാഖവിയും നാലിന് വി.എച്ച്. അലിയാർ മൈലവി അൽ ഖാസിമിയും 5ന് കോട്ടയം നാസറുദ്ദീൻ സഖാഫിയും മതപ്രഭാഷണം നടത്തും. ആറിന് പുലർച്ചെ 1.30 ന് പട്ടണ പ്രദക്ഷിണം. പുലർച്ചെ 4.30 ന് ചീഫ് ഇമാം അസയിദ് മുത്തക്കോയ തങ്ങൾ അൽബാഫഖിയുടെ നേതൃത്വത്തിൽ ദു:ആ പ്രാർത്ഥന. ഉറൂസിനോടനുബന്ധിച്ച് എല്ലാ ദിവസവും രാത്രി 7.30 ന് രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രത്യേക സമ്മേളനം ഉണ്ടായിരിക്കുമെന്ന് ജമാ അത്ത് പ്രസിഡന്റ് എം.മുഹമ്മദ് ഇസ്മത്ത്, ജനറൽ സെക്രട്ടറി അൻവർ സാദത്ത്, ഭാരവാഹികളായ അലി ഹൈദർ, ജമാൽ മുഹമ്മദ് ,സക്കീർ ,മുഹമ്മദ് കാസീം എന്നിവർ അറിയിച്ചു. ഉത്സവ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ബീമാപള്ളിയിലേക്ക് പ്രത്യേക സർവീസ് നടത്തും.