ep-jayarajan
jayarajan

തിരുവനന്തപുരം: പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസറുടെ വിമർശനത്തിന് കമ്പനിയെ നോവിക്കാതെയുള്ള മറുപടിയുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. അദ്ദേഹം അങ്ങനെ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകിയത്. പണിമുടക്ക് നിക്ഷേപക സംഗമത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാളെയാണ് (9)​ കൊച്ചിയിൽ സർക്കാർ നിക്ഷേപ സംഗമം നടത്തുന്നത്. കേരളം വളരുന്നത് സഹിക്കാത്ത ചിലരാണ് സംസ്ഥാന നിക്ഷേപ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്നത്. കേരളത്തെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ കേരള വിരുദ്ധ ശക്തികളാണ് ഇതിന് പിന്നിൽ. ജനം ഇത്തരം പ്രചാരണങ്ങൾ തിരിച്ചറിയുന്നുണ്ട്. സമാധാനപരമായി പണിമുടക്കാനുള്ള അവകാശം തൊഴിലാളികൾക്കുണ്ട്. അതുമായി നിക്ഷേപ സംഗമത്തെ കൂട്ടിയിണക്കേണ്ടതില്ല. തൊഴിൽവ്യവസായ സാഹചര്യങ്ങൾ കൂടുതൽ സുഗമവും സുതാര്യമാക്കാനുമുള്ള സാഹചര്യങ്ങളാണ് പണിമുടക്കിലെ മുദ്രാവാക്യങ്ങൾ ലക്ഷ്യമിടുന്നത്. ഒരു തരത്തിലുള്ള അക്രമങ്ങളെയും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. തൊഴിലാളികൾ ഏതെങ്കിലും തരത്തിലുള്ള അക്രമം നടത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.