ചണ്ഡീഗഢ്: സിയാച്ചിൻ പിടിച്ചടക്കാനുള്ള പാക് ശ്രമങ്ങളെ ധീരമായി നേരിട്ട വെസ്റ്റേൺ കമാൻഡ് മുൻ മേധാവി ലഫ്. ജനറൽ പ്രേംനാഥ് ഹൂൺ (90 ) അന്തരിച്ചു. മസ്തിഷ്‌കാഘാതമാണ് മരണകാരണം. രണ്ടു ദിവസമായി അദ്ദേഹം പഞ്ച്ഗുളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അതിർത്തിയിലെ പാകിസ്ഥാൻ കടന്നുകയറ്റങ്ങൾ ചെറുത്ത് തോല്പിക്കുന്നതിൽ പ്രേംനാഥ് ഹൂൺ നിർണായക പങ്ക് വഹിച്ചിരുന്നു. 1984 ലാണ് ഓപ്പറേഷൻ മേഘദൂതിലൂടെ സിയാച്ചിൻ മഞ്ഞുമല ഇന്ത്യൻ സൈന്യം തിരിച്ചു പിടിച്ചത്. പാകിസ്ഥാന്റെ മാത്രമല്ല അതിർത്തിയിലെ ചൈനീസ് അധിനിവേശ ശ്രമങ്ങളെയും നേരിടുന്നതിൽ പ്രേംനാഥ് മുഖ്യ പങ്ക് വഹിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ മേഘദൂത്. ഈ സൈനിക ഓപ്പറേഷന്റെ ഫലമായി ഇന്ത്യയ്ക്ക് സിയാചിൻ ഗ്ലേഷ്യറിന്റെ പൂർണനിയന്ത്രണം ഏറ്റെടുക്കാനായി.
നിരവധി പ്രമുഖ വ്യക്തികളാണ് പ്രേംനാഥിന്റെ മരണത്തിൽ അനുശോചനം അറിയിച്ചത്. ലഫ്റ്റനന്റ് ജനറൽ ഹൂൺ നല്ലൊരു സൈനികനായിരുന്നുവെന്നും, സിയാച്ചിൻ ഇന്ത്യക്കൊപ്പം ചേർത്ത് നിറുത്തിയതിൽ ഹൂൺ നിർണായകപങ്കാണ് വഹിച്ചതെന്നും മുൻ കമാൻഡറായിരുന്ന ലഫ്റ്റനന്റ് ജനറൽ ജെ. എസ് ഡില്ല പറഞ്ഞു.