കാരക്കോണം: സി.എസ്.ഐ മെഡിക്കൽ കോളേജിനു സമീപം 19 വയസുകാരിയായ അഷികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകൻ അനു സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഇരുവരുടെയും സുഹൃത്തുകളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

എട്ടു മാസം മുമ്പ് അഷികയുടെ പിതാവിന്റെ പരാതി അനുസരിച്ച് അനുവിനെ വെള്ളറട പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അഷികയെ ശല്യം ചെയ്യരുതെന്ന് ശാസന നൽകിയിരുന്നു. അതിനു ശേഷം കുറച്ചു നാൾ ഇവർ അകന്നു കഴിഞ്ഞിരുന്നു. ശേഷവും ഇവർ തമ്മിൽ അടുക്കുന്നതിനുള്ള കാരണക്കാരെയാണ് ഇപ്പോൾ തേടുന്നത്.

അഷിക നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോഴാണ് അനു കൊടുംക്രൂരതയ്ക്ക് മുതിർന്നത്. ആ സാഹചര്യം എന്തെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ക്രൂരതയ്ക്കു മുമ്പുള്ള സമയത്ത് അനു മറ്റാരൊക്കെയോ ആയി ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇത് ഉറപ്പാക്കുന്നതിനായി പൊലീസ് മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അഷികയുടെ വീട്ടുകാർ എതിർപ്പായതിനാൽ അവളുമായി നാടു വിടുന്നതിന് പ്ളാൻ തയ്യാറാക്കിയാണോ അനു വീട്ടിലെത്തിയതെന്നും പൊലീസ് സംശയിക്കുന്നു. സാധാരണയുള്ള ദിവസങ്ങളിൽ നിന്നും വ്യത്യസ്ഥമായി യാത്രയ്ക്കു പോകുന്ന വിധത്തിലാണ് അനു അഷികയുടെ വീട്ടിൽ എത്തിയത്. നാടുവിടുന്നതിന് അഷികയ്ക്ക് ഉണ്ടായിരുന്ന എതിർപ്പാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം.

 ഞെട്ടൽ മാറാതെ നാട്ടുകാർ

തുറ്രിയോട് അപ്പുവിലാസം വീട്ടിൽ അജിത്‌കുമാറിന്റെയും സീമയുടെയും മകൾ അഷികയും (അമ്മു), വിളവംകോട് രാമവർമ്മൻചിറ ചെറുകുഴന്തൽകാൽ വീട്ടിൽ മണിയുടെയും രമണിയുടെയും മകൻ അനു എന്നിവരുടെ മരണത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ തുറ്റിയോട് എത്തിയ അനു അഷികയുടെ വീട്ടിലെത്തി അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടർന്ന് അഷികയെ കട്ടിലിൽ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു. അപ്പുവാസു നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി കതക് ചവിട്ടി തുറന്നപ്പോൾ ഇരുവരും ബോധരഹിതരായി കിടക്കുന്നതാണ് കണ്ടത്. സംഭവത്തിനു ശേഷം ഫോറൻസിക് വിദഗ്ദ്ധർ ശേഖരിച്ച തെളിവുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.